fbpx
ദുബായ്

ടൂറിസം മേഖലയെ വിപുലീകരിക്കുന്നു; ദുബായിൽ പുത്തൻ പദ്ധതികൾ വരുന്നു

ദുബായ്:വിനോദത്തിനും ഉല്ലാസത്തിനും സന്തോഷത്തിനും പ്രാധാന്യംനൽകി ലോകത്തെ ഏറ്റവും മനോഹര നഗരമായി ദുബായിയെ മാറ്റാൻ സഹായിക്കുന്ന വികസന പദ്ധതികൾക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അഞ്ചിലധികം പദ്ധതികൾക്കാണ് ശൈഖ് മുഹമ്മദ് അംഗീകാരം നൽകിയത്. ദുബായ് വാസികളുടെ മാനസികോല്ലാസവവും സന്തോഷവും ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതികൾ. ഒരു സ്കൈ ഗാർഡൻ, ശൈഖ് സായിദ് റോഡിലും, ബീച്ചുകളിലും പ്രൊമനേഡുകൾ, ഉൾറോഡുകളുടെ വികസനം എന്നിവയാണ് ഇതിൽ പ്രധാനം

സ്കൈ ഗാർഡൻ

380 മീറ്റർ നീളവും, 60 മീറ്റർ ഉയരവും 3,422 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു നടപ്പാലമാണ് സ്കൈ ഗാർഡൻ. ഡിസൈനിലും നിർമാണത്തിലും ഏറെ പുതുമയുള്ള സ്കൈ ഗാർഡൻ പണി തീരുമ്പോൾ ദുബായിയുടെ പ്രധാന ആകർഷങ്ങളിലൊന്നാവും. ദുബായ് ക്രീക്കിന്റെ തീരത്തുകൂടി ദുബായിയുടെ പുതുമയും പഴമയും ബന്ധിപ്പിക്കുന്ന ഈ പാലം പച്ചപ്പുംപൂക്കളും കൊണ്ട് സമ്പന്നമാകും. സൈക്കിളോടിക്കാനും നടക്കാനുമെല്ലാം പാലത്തിന്റെ പല നിലകളിലായി പ്രത്യേക സൗകര്യമുണ്ടാകും. കൂടാതെ വിശ്രമകേന്ദ്രവും കളിസ്ഥലവും റെസ്റ്റോറന്റുകളുമെല്ലാം സ്കൈ ഗാർഡനിലേക്ക് സന്ദർശകരെയെത്തിക്കും

പ്രൊമനേഡ്, സൈക്കിൾ സ്റ്റേഷനുകൾ

ദുബായ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനും ദുബായ് ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനും ഇടയിലാണ് ശൈഖ് സായിദ് റോഡിലെ പ്രൊമനേഡ് നിർമിക്കുന്നത്. മെട്രോ പാലങ്ങൾക്ക് കീഴിലുള്ള രണ്ടരകിലോമീറ്റർ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ജുമേര ബീച്ചിൽ കുടുംബങ്ങൾക്കായി 80000 ചതുരശ്ര മീറ്ററിൽ ഒരുങ്ങുന്ന പദ്ധതിയാണ് സൺസെറ്റ് പ്രൊമനേഡ്.

ചെറുദ്വീപുകളും, മണൽക്കുന്നുകളും ഉൾപ്പെടുന്ന സവിശേഷമായ മാതൃകയിലാണ് ഇതിന്റെ നിർമാണം. വിനോദം മാത്രമല്ല ഷോപ്പിങ്ങിനായി റീട്ടെയ്ൽ സ്ഥാപനങ്ങളും ഇവിടെയുണ്ടാകും. മാൾ ഓഫ് എമിറേറ്സിനും, മദിനത്ത് ജുമേറക്കും ഇടക്കുള്ള ഉം സുഖീം പ്രൊമനേഡും സമാനമായ സംരംഭമാണ്. 3500 സൈക്കിളുകളുമായി 350 സ്റ്റേഷനുകളിൽ നിന്ന് പ്രവർത്തിക്കുന്ന സൈക്കിൾ പൂളിങ് സംവിധാനം ആർ.ടി.എ.യും കരീമും ചേർന്ന് ആരംഭിക്കും. ഈ പദ്ധതിയും ദുബായ് ഭരണാധികാരി വിലയിരുത്തി.

സ്കൈപോഡ്

സ്കൈപോഡ് പദ്ധതിയും ദുബായ് ഭരണാധികാരി വിലയിരുത്തി. ദുബായ് ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ, ഡൗൺ ടൗൺ തുടങ്ങിയ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന, മുകളിൽ ഘടിപ്പിച്ചിരിക്കുന്ന റെയിലിൽക്കൂടി സഞ്ചരിക്കുന്ന വാഹനമാണ് സ്കൈപോഡ്. 15 കി.മീറ്റർ നീളമുള്ള പാതയിൽ 21 സ്റ്റേഷനുകളുണ്ടാകും. പലയിടങ്ങളിലും ദുബായ് മെട്രോയുമായി ബന്ധിപ്പിക്കും. ഇരുദിശകളിലേക്കും മണിക്കൂറിൽ 8400 പേർക്ക് സഞ്ചരിക്കാം.

റോഡ് വികസനം

സാങ്കേതികതയ്ക്ക് പുറമേ ദുബായ് ഏറെ പ്രാധാന്യം നൽകുന്നതാണ് അടിസ്ഥാനസൗകര്യ വികസനം. ആർ.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ നിരവധി റോഡ് പദ്ധതികൾക്കും ദുബായ് ഭരണാധികാരി അംഗീകാരം നൽകി. ദുബായ്-അൽ ഐൻറോഡ് വികസനമാണ് ഇതിൽ മുഖ്യം.

ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ്ലാൻഡ്, മെയ്ദാൻ, ലീവാൻ എന്നീ പ്രദേശങ്ങൾക്ക് കൂടി ഇതിന്റെ ഗുണം ലഭിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തൊട്ട് എമിരേറ്റ്സ് റോഡ് വരെ 12 കിലോമീറ്റർ നടപ്പാക്കുന്ന ട്രിപ്പോളി സ്ട്രീറ്റ് വികസനം ദുബായ് ഷാർജ ഗതാഗതം കൂടുതൽ സുഗമമാക്കും.

error: Content is protected !!