fbpx
കേരളം ദുബായ്

ഫസൽ ഗഫൂർ കപട മതേതരത്വത്തിന്റെ തീവ്രവാദമാണ് പ്രചരിപ്പിക്കുന്നതെന്ന് ഗൾഫിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ നന്തി

സമൂഹത്തിൽ മതേതരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നുവെന്ന് അഭിനയിക്കുന്ന കപടന്റെ മൂടുപടമിടുന്നവർക്കേ സ്ത്രീയുടെ ഇച്ഛയെയും സ്വാതന്ത്ര്യത്തെയും നിർഭയത്വത്തെയും ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഗൾഫിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ നന്തി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഡോ. ഫസൽ ഗഫൂർ തന്റെ നേതൃത്വത്തിലുള്ള MES വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം അണിഞ്ഞ രീതിയിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കുകയില്ലെന്ന് കാണിച്ച് സർക്കുലർ ഇറക്കിയതിനെ പരാമർശിച്ചാണ് നാസർ നന്തി ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.

 

നാളിതുവരെ ചില മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനെന്ന പേരിൽ സമര മുഖത്ത് നിന്നശേഷം സാമ്പത്തികവും സാമൂഹികവും ആയ നേട്ടങ്ങൾ കൈവരിച്ചുകഴിയുമ്പോൾ കൂടുതൽ വ്യാപ്തിയുള്ള ചില സാമൂഹിക പദവികൾക്കായി വെപ്രാളം പിടിക്കുന്നവരാണ് സ്വന്തം ജനതയെ തന്നെ തള്ളിപ്പറഞ്ഞുകൊണ്ട് ശത്രുവിന്റെ കയ്യടി നേടാൻ ശ്രമിക്കുന്നതെന്ന് ഫസൽ ഗഫൂറിന്റെ പെരുമാറ്റ വ്യത്യാസത്തെ കുറിച്ച് നാസർ നന്തി പറഞ്ഞു.

സ്വമേധയാ മുഖാവരണം അണിയുന്ന പെൺകുട്ടിയുടെ ഇച്ഛാശക്തിയെയും സ്വാതന്ത്ര്യ ചിന്തയെയും അവഹേളിക്കാൻ ഒരു സ്ഥാനമാനത്തിന്റെ പേരിലും ആർക്കും അവകാശമില്ല. എന്തും അഴിച്ചും തുറന്നും കാണിച്ചു ശ്രദ്ധ നേടാൻ ഒരുവിഭാഗം ആളുകൾ ശ്രമിക്കുന്നതുപോലെ തന്നെ , മൗലികമായ ശരീര ഭാഗങ്ങളുടെ സൗന്ദര്യം സംരക്ഷിച്ചുവയ്‌ക്കാൻ അവ മറച്ചുപിടിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇതിൽ ഒന്നിനെ മാത്രം വാഴ്‌ത്തുന്നതും ചിലതിനെ തിരഞ്ഞുപിടിച്ചു ഇകഴ്‌ത്തുന്നതും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഉത്തമ പൗരന് ചേർന്നതെല്ലന്ന് നാസർ നന്തി പറഞ്ഞു.

മുഖാവരണം അണിഞ്ഞ പെൺകുട്ടിയിൽ യഥാർത്ഥ ഹൂറിയെ ദർശിക്കാനാവും. അവൾ മാലാഖയാണ്‌ . അതിനെ കീറിയെറിയണമെന്ന് പറയുന്നത് ഒരു തീവ്രവാദിയുടെ സ്വരമാണ് . നിർഭാഗ്യവശാൽ ആദരണീയനായ ഫസൽ ഗഫൂറിൽ നിന്ന് ഇങ്ങനെ ഒരു ഉത്തരവ് വന്നത്, ഈ കാലത്തിനനുസരിച്ചുള്ള കോലം കെട്ടലിനു അദ്ദേഹവും വിധേയനായി എന്നതിന്റെ തെളിവാണ്. എന്ത് സാമൂഹിക പ്രശ്‌നമാണ് മുഖാവരണം അണിഞ്ഞ പെൺകുട്ടി കൊണ്ടുവരുന്നതെന്ന് ഫസൽ ഗഫൂർ ഇതുവരെയുണ്ടായ MES അനുഭവത്തിൽ നിന്ന് വ്യക്തമാക്കണം. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായാൽ ഐഡന്റിറ്റി കാർഡും മുഖവും തമ്മിൽ ഒത്തുനോക്കാൻ പറ്റിയ നിരവധി സാഹചര്യങ്ങൾ നിലവിലുണ്ട്. ഇമ്മിഗ്രേഷൻ ഡിപ്പാർട്‌മെന്റുകളിൽ ഇപ്പോഴും അതൊക്കെ ചെയ്യുന്നുണ്ട് . സംശയമുണ്ടെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കോളേജിലും കോഫി ഷോപ്പിലും ഒക്കെ അത്തരം പരിശോധനകൾ നടത്താവുന്നതേയുള്ളൂ . പക്ഷെ വിവരം ഉണ്ടെന്നു നമ്മൾ ധരിച്ചിരുന്ന ഫസൽ ഗഫൂർ ഇങ്ങനെ ഏകപക്ഷീയമായി പെരുമാറിയത് വേദന ഉളവാക്കുന്ന കാര്യമാണ് . മുഖം കാട്ടിനടക്കാൻ താല്പര്യമില്ലാത്ത ഒരു കുട്ടിയെങ്കിലും ഭൂമുഖത്തുണ്ടെങ്കിൽ അവളുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കുന്നതാണ് മാനവികത . അതാണ് ന്യൂനപക്ഷ സ്നേഹം . കൂടുതൽ പേർ മുഖം തുറന്നിട്ട് നടക്കുന്നു എന്ന് കരുതി എല്ലാവരും അങ്ങനെയാകണമെന്ന് ഉത്തരവിലൂടെ ആവശ്യപ്പെടുന്നത് കുറച്ചുപേരിലെങ്കിലും സൃഷ്ടിക്കുന്ന മാനസിക വ്യഥയ്‌ക്ക് ആര് നഷ്ടപരിഹാരം നൽകും . തെരുവിൽ വച്ച് ഒരു പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറുന്ന നടപടിയായിപ്പോയി ഈ MES ഉത്തരവെന്നും നാസർ നന്തി പറയുന്നു .

നൂറുകണക്കിന് അറബി സ്ത്രീകളുമായി ഒത്തുചേർന്നുനിന്നു പോലീസിലും ഇമ്മിഗ്രേഷനിലും ദുബായ് ലേബർ ഡിപ്പാർട്മെന്റിലും സാമൂഹിക പ്രവർത്തനത്തിൽ ചെറിയ പങ്കുവഹിക്കാൻ കഴിയുന്ന തനിക്ക്, ഏതു പാതിരാത്രിയിലും മുഖാവരണം ധരിച്ച വനിതാ ഉദ്യോഗസ്ഥരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുമ്പോൾ ,അവർക്ക് ഈ മുഖാവരണ വിഷയം സാമൂഹിക ബാധ്യതയ്‌ക്ക് മങ്ങൽ ഏൽപ്പിക്കുന്നതായി തോന്നിയിട്ടില്ല. സദാ മുഖം വെളിവാക്കാൻ ആഗ്രഹിക്കുന്നില്ല എന്നതൊഴിച്ചാൽ , അവർ മറ്റുള്ളവരെക്കാൾ മികച്ച രീതിയിൽ മാന്യമായി പ്രവർത്തിക്കുന്നവരാണെന്നും അവരോടുള്ള ആദരവ് എല്ലാവർക്കും കൂടുകയാണെന്നും നന്തി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ദുബായ് വാർത്തയോട് പറഞ്ഞു.

വേഷത്തിലല്ല , മനസ്സിലും പെരുമാറ്റത്തിലുമാണ് ആദരവ് അളക്കപ്പെടേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു . ഒന്ന് ഉറങ്ങിയുണരുമ്പോൾ ഫസൽ ഗഫൂറിനും ഇത് ബോധ്യമാകും . ആരും നിർബന്ധിച്ചിട്ടല്ല പല പെൺകുട്ടികളും മുഖാവരണം അണിയുന്നത് . പലയിടത്തും സ്ത്രീകൾക്കുമേൽ നടക്കുന്ന അതിക്രമങ്ങൾ നമ്മൾ അറിയുന്നതാണ്. മുഖാവരണം ഇട്ട പെൺകുട്ടിയെ തൊടാൻ ഒരാൾ ഒന്ന് മടിക്കുമെന്നും വിവേക ശേഷി വീണ്ടെടുക്കാൻ ശ്രമിക്കുമെന്നും നന്തി പറയുന്നു . താൻ ഇടപെട്ട പല പോലീസ് കേസുകളിലും സ്ത്രീകളെ അപമാനിക്കുന്ന കാര്യങ്ങൾ സംഭവിച്ചതിൽ , വേഷ വിധാനത്തിലെ തുറന്നിടൽ കാരണമായിട്ടുണ്ടെന്ന് എണ്ണിയെണ്ണി പറയാൻ ഉദാഹരണങ്ങൾ ഉണ്ടെന്ന് നാസർ നന്തി പറഞ്ഞു.

പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കാൻ പൊതുവെ ആളുകൾ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ അത് സ്വന്തമായി പരിപാലിക്കുന്നവർ അത് തുടരട്ടെ എന്ന് ഫസൽ ഗഫൂർ അങ്ങ് കരുതിയേക്കണം . എല്ലാവരെയും നന്നാക്കിയേ അടങ്ങൂ എന്ന് ഡോക്ടർ വാശി പിടിക്കരുത്. വിശ്വാസം പലർക്കും വളരെ വിലപ്പെട്ടതാണ് . ഫസൽ ഗഫൂറിനെ പോലെ അത് ഇടയ്‌ക്കിടെ മാറ്റാൻ എല്ലാവർക്കും ഇപ്പോഴും കഴിയണമെന്നില്ല. കേന്ദ്രവും സംസ്ഥാനവും അതിലെ പുതിയ സ്ഥാനമാനങ്ങളും അന്തിചർച്ചയിലെ കയ്യടിയുമാണ് ഫസൽ ഗഫൂറിന് വേണ്ടതെങ്കിൽ ഉത്തരവുകൾ തുടരാം , വിശ്വാസങ്ങൾ മാറ്റാം . മാറ്റി മാറ്റി ചില കാര്യങ്ങൾ മാറ്റുന്ന ഘട്ടത്തിൽ എത്തരുതേ ഡോക്ടർ , എന്ന അഭ്യർത്ഥനയുമായാണ്‌ നാസർ നന്തി സംഭാഷണം അവസാനിപ്പിച്ചത്.

error: Content is protected !!