fbpx
കേരളം ദുബായ്

ചരിത്രം വിവേകത്തോടെ കനിഞ്ഞു നൽകിയ സംഗീതാമൃതാണ് മൂസാ എരഞ്ഞോളിയെന്ന്‌ ഷംസുദ്ദീൻ നെല്ലറ അനുസ്മരിക്കുന്നു

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസ്സയെ ഓർക്കാത്തവരായി ആരും തന്നെ മാപ്പിളപ്പാട്ട് രംഗത്തുണ്ടാവില്ല. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് പാട്ടുകൾ പാടിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒത്തിരി പേർ അനുശോചനം രേഖപ്പെടുത്തി. തന്റെ ബിസിനസ്സ് കൂടാതെ മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേർത്ത , ദുബായിലെ പ്രമുഖ റെസ്റ്റോറന്റായ നെല്ലറയുടെയും ഫാഷൻ രംഗത്ത് കുതിപ്പ് തുടരുന്ന അഡ്രസ്സ് മെൻസ് അപ്പാരൽസിന്റെയും എംഡി ആയ ശംസുദ്ധീൻ നെല്ലറ മൂസ്സാക്കയെ പറ്റി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

“മാപ്പിളപ്പാട്ടിൽ തന്റേതായ ശബ്ദം കൊണ്ട്‌ വ്യക്തി മുദ്ര പതിപ്പിച്ച ഇശലിന്റെ സുൽത്താൻ മൂസാക്കാക്ക്‌‌ കണ്ണീരൊടെയല്ലാതെ വിട നൽകാനാവില്ല.
ചെറുപ്പം മുതൽ തന്നെ എന്റെ മനസ്സിൽ മാപ്പിളപ്പാട്ടിനോടുള്ള മുഹബ്ബത്തുണ്ടാവാനുള്ള കാരണക്കാരിൽ ഒരാൾ എന്ന് തന്നെ എരഞ്ഞോളി മൂസക്കാനെ വിശേഷിപ്പിക്കാം. പ്രവാസ ജീവിതം തുടങ്ങിയത്‌ മുതൽ അദ്ദേഹത്തിന്റെ പരിപാടികൾക്കായി എന്നും പെരുന്നാളുകൾക്കായുള്ള കാത്തിരിപ്പായിരുന്നു. മൂസ്സാക്കയുടെ പരിപാടിക്ക്‌ സദസ്സുകളൊക്കെ തിങ്ങിനിറഞ്ഞിരുന്നു.
2004ൽ നെല്ലറ തുടങ്ങിയത്‌ മുതൽ അദ്ദേഹത്തിന്റെ പരിപാടികൾക്ക്‌ സ്പോൺസർഷിപ്പ്‌ നൽകാനും, അടുത്ത്‌ പരിചയപ്പെടാനും നല്ല വ്യക്തി ബന്ധമുണ്ടാക്കാനും സാധിച്ചു.
മിഅ്റാജ് രാവിലെ കാറ്റേ, സമാനിൻ കൂരിരുൾ കാറ്റേ , മിസ്‌റിലെ രാജൻ തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു ശബ്ദം നൽകിയ കലാകാരനാണ് നമ്മോട്‌ വിടപറഞ്ഞത്‌.
ചെറുപ്പത്തിൽ തന്നെ ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിലകൊണ്ടിരുന്ന മൂസാക്ക ഈ ഒരു അവസ്ഥയിൽ എത്തിയത്‌ മാപ്പിളപ്പാട്ടിനോട്‌ അദ്ദേഹത്തിനുള്ള ഇഷ്ടവും കഠിനപ്രയത്നവും കൊണ്ട്‌ തന്നെയാണ്‌.
സ്വന്തം പട്ടിണി പോലും വകവെക്കാതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അദ്ദേഹം മുൻകയ്യെടുക്കാറുണ്ട്‌. ഈ ഒരു ആവശ്യവുമായി അദ്ദേഹം പലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. ഗൾഫിൽ മാത്രം ആയിരത്തിൽ പ്പരം വേദികളിൽ അദ്ദേഹം നിറഞ്ഞുനിന്നു.
2008ൽ ദുബായിൽ വെച്ച്‌ പതിനായിരത്തോളം പേരെ സാക്ഷിയാക്കി പരേതനായ കൊച്ചിൻ ഹനീഫയുടെ സാന്നിധ്യത്തിൽ നെല്ലറയുടെ ഗൾഫ്‌ മാപ്പിളപ്പാട്ട്‌ അവാർഡ്‌ അദ്ദേഹത്തിന്‌ നൽകിയത്‌ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്‌.
നല്ല പരിചയത്തിലായതിൽ പിന്നെ ഗൾഫിൽ വന്നാൽ ഒരു ഫോൺ വിളി പോലുമില്ലാതെ അദ്ദേഹം നാട്ടിലേക്ക്‌ പോയതായി ഞാൻ ഓർക്കുന്നില്ല. പലപ്പോഴും വീട്ടിൽ വന്ന് താമസിക്കാനും, ഒരുമിച്ച്‌ പാടാനുമൊക്കെ മൂസാക്ക സമയം കണ്ടെത്താറുണ്ട്‌.
അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം കോർത്തിണക്കിയുള്ള ഒരു പരിപാടി അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ വർഷം അങ്ങനെയൊരു പരിപാടി ദുബായിൽ സംഘടിപ്പിക്കാനും അദ്ദേഹത്തോടൊപ്പം സന്തോഷം പങ്കിടാനും സാധിച്ചിരുന്നു.
എരഞ്ഞോളി മൂസ എന്ന വലിയ ഗായകനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക്‌ മറക്കാനാവില്ല. കാരണം അദ്ദേഹത്തിന്റെ പാട്ടുകളില്ലാത്ത മാപ്പിളപ്പാട്ടിന്റെ വേദികൾ വളരെ വിരളമായിരിക്കും. ഇനിയും അങ്ങനെ തന്നെയായിരിക്കും.
പാട്ടുകൊണ്ട് മനസ്സ്തൊട്ട മൂസക്കയും….
ഉൾക്കൊള്ളാനാവുന്നില്ല , എപ്പോൾ കാണുമ്പോഴും “സംസുഭായി “ എന്നവിളി ,
ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന ആ നിഷ്കളങ്കമായ ചിരി. ഇല്ല മൂസാക്ക ഹൃദയത്തിലുണ്ടാവും അരിയൊടുങ്ങും വരെ പ്രാർത്ഥനകളോടെ
പുണ്യമാസാരംഭത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മൂസാക്കാക്ക്‌ സർവ്വശക്തൻ‌ മഗ്ഫിറത്ത്‌ ചെയ്യുമാറാകട്ടെ.”

error: Content is protected !!