fbpx
ദുബായ്

ഒരു ലക്ഷം കഴിഞ്ഞു പോകുന്ന ഇഫ്‌താർ പുണ്യത്തിലേക്ക് ദുബായ് കെ എം സി സി 

ദിവസവും മൂവായിരത്തിൽ അധികം പേർക്ക് വിഭവ സമൃദ്ധമായ പൊതു ഇഫ്‌താർ സംഘടിപ്പിക്കുകയും കടന്നുവരുന്ന ഏതൊരാളെയും അതിഥിയായി സ്വീകരിച്ച് വയറും മനസ്സും നിറയെ വിളംബുകയും ചെയ്തുകൊണ്ട് ദുബായ് കെ എം സി സി എന്ന സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനം ലോക കുടിയേറ്റ സമൂഹങ്ങൾക്ക് പുതിയ മാതൃക സൃഷ്ടിക്കുന്നു . ദുബായ് ദെയ്‌റ- നൈഫ് ഹൃദയ ഭാഗമായ അൽ ബറാഹയിൽ സ്ഥിതി ചെയ്യുന്ന കെ എം സി സി ആസ്ഥാനത്ത് തന്നെ താൽകാലികമായി സജ്ജീകരിച്ച ടെന്റിലും പുറത്തു വിരിച്ചുവയ്‌ക്കുന്ന നീണ്ട പായ് വിരിയിലുമായാണ് ദിവസവും മൂവായിരത്തിൽ അധികം പേർക്ക് ഗംഭീര നോന്പുതുറ ഒരുക്കുന്നത് . പ്രമുഖരായ പലരും ഉദാരമായി നൽകുന്ന സഹായങ്ങൾ കൃത്യമായി ഉപയോഗിച്ചുകൊണ്ടാണ് കെ എം സി സി നേതൃത്വം ഇത് സാധ്യമാക്കുന്നത്.
നോന്പുതുറയിൽ സാക്ഷികളാകുന്ന പതിനായിരങ്ങൾക്ക് പെട്ടെന്ന് മനസ്സിൽ തട്ടുന്ന ചില കാര്യങ്ങൾ കെ എം സി സി യിൽ നിന്ന് പഠിച്ചെടുക്കാനുണ്ട് . ഉച്ചയ്‌ക്ക് രണ്ടു മണി കഴിയുന്നതോടെ ഒരു സംഘം കെ എം സി സി വോളന്റീയർമാർ കൃത്യമായി ഒരു ഡ്യൂട്ടിക്ക് വരുന്ന പോലെ ഹാജരാകും . പലയിടങ്ങളിൽ നിന്നായി പഴവർഗങ്ങളും ബിരിയാണിയും ജ്യൂസും മോരും ചായക്ക് വേണ്ടിയുള്ള സജീകരണങ്ങളും ഉടനുടൻ എത്തുകയായി . വാഹനങ്ങളിൽ കൊണ്ടുവരുന്നവ വോളന്റീയർമാർ തന്നെ ചുമന്ന് വെപ്പുപുരപോലെ കെട്ടിയിരിക്കുന്ന ഡിസ്ട്രിബൂഷൻ സ്റ്റാളിലേക്ക് എത്തിക്കുന്നതാണ് ഒന്നാം ഘട്ടം . പറഞ്ഞ പോലെ എളുപ്പത്തിൽ തീരുന്നതല്ല . നോമ്പുകാരാണ്,‌  ശാരീരികക്ഷമത ഏറ്റവും കൂടുതൽ വേണ്ടതായ ഈ  അധ്വാനം അത്രയും നിർവഹിക്കുന്നത് . അതും അവരവരുടെ സ്ഥിരം ജോലി ചെയ്തുവന്നശേഷം, എന്നതും ഓർക്കണം. പഴ വർഗ്ഗങ്ങൾ മുറിക്കണം , നുറുക്കണം , ചെറിയ പാക്കറ്റുകളിൽ  പാക്ക് ചെയ്തു സുരക്ഷിതമായ രീതിയിൽ കവർ ചെയ്യണം , വിരി വിരിച്ചു അവ ക്രമീകരിച്ചുവയ്‌ക്കണം , അല്പം വൈകുമ്പോൾ ചൂടോടെ എത്തുന്ന റെയിൻബോ ബിരിയാണി ചെമ്പുകൾ തുറന്ന് ഈ മൂവായിരം പ്ലേറ്റുകളിലും വിളംബണം , പാൽ പഞ്ചസാര ചൂടുവെള്ളം തേയില തുടങ്ങിയവ ക്രമീകരിച്ചു ചായ സ്റ്റേഷൻ തയ്യാറാക്കണം , പ്രത്യേക അതിഥികൾ വരുമ്പോൾ അവരെ സ്വീകരിക്കുകയും ഒരു ലഘു ആമുഖ സന്ദേശത്തിനുവേണ്ട ശബ്‌ദ സന്നിവേശം ഒരുക്കിവച്ച് ആ ചടങ്ങുനടത്തണം ഇങ്ങനെ നൂറു കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നടത്താനാണ് ഇത്രയും വോളന്റീയർമാരും  കെ എം സി സി ഭാരവാഹികളും സജീവമായി നിലകൊള്ളുന്നത് .
 പ്രെസിഡന്റ് എളേറ്റിൽ ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് വിഭവ സമാഹരണ- വിതരണ- സൽക്കാര – ക്രമീകരണ  പരിപാടി നടക്കുന്നത് . എം എ യുസുഫ് അലിയുടെ പിന്തുണയും നേതൃത്വവും ഈ ഉദ്യമത്തിന് പിന്നിൽ 7 വർഷമായി സജീവമായിട്ടുണ്ടെന്ന് എളേറ്റിൽ ഇബ്രാഹിം പറയുന്നു . ഒപ്പം സാമൂഹിക ബാധ്യതയുള്ള  മറ്റു ചില പ്രമുഖരും ഇതിൽ പങ്കെടുത്തു സഹായിക്കുന്നവരാണ് . എല്ലാവരുടെയും പേരുകൾ പരാമർശിക്കാൻ കഴിയില്ലെങ്കിലും ചില നാമങ്ങൾ മറക്കാൻ കഴിയില്ലെന്ന് ഇബ്രാഹിം സൂചിപ്പിച്ചു . മദിന ഗ്രൂപ്പ് പൊയിൽ അബ്ദുള്ള , ഹോട് പാക്ക് ജബ്ബാർ , AAK ഗ്രൂപ്പ് മുസ്തഫ , ജലീൽ ട്രേഡേഴ്സ് സമീർ , തമിഴ്‌നാട് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ കണ്ണൻ , മലബാർ ഗോൾഡിന്റെ ഇബ്രാഹിം ഹാജി , ഷംലാൽ  അഹ്‌മദ്‌ എന്നിവർ , ദുബായ് റൂളറുടെ ഓഫീസിൽ ജോലി ചെയ്യുന്ന റിയാസ് ചേളേരി , സുഹൃത്ത് സലിം എന്നിങ്ങനെ ഒരു നീണ്ട പട്ടിക ഈ വലിയ അധ്വാനത്തിന് പിന്നിൽ സഹായകരം  ആകുകയാണെന്ന് ദുബായ് കെ എം സി സി ഭാരവാഹികൾ പറയുന്നു. ഓരോന്നിനും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ദുബായ് കെ എം സി സി യുടെ ഈ പൊതു ഇഫ്‌താർ പരിപാടിയെ കുറിച്ച് കേട്ടറിഞ്ഞതിനെ തുടർന്ന് സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു . എത്ര അഭിനന്ദിച്ചാലും മതിയാകാത്ത പുണ്യ പ്രവർത്തിയാണ് ഏറ്റവും മികച്ച ക്രമീകരണത്തിലൂടെ കെ എം സി സി ചെയ്യുന്നതെന്ന് പോലീസ് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചത് എല്ലാ വോളന്റീയർസിനും വലിയ ആവേശമായി , ഭാരവാഹികൾക്ക് അവരുടെ കിരീടത്തിൽ പൊൻ തൂവലുകളായി. മുറക്കാബാദ് പോലീസ് സ്റ്റേഷനിൽ നിന്ന് ഉന്നത ഉദ്യാഗസ്ഥർ നേരിട്ട് എത്തി കെഎംസിസി യെ അഭിനന്ദിച്ചു.
യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാതെയാണ് പ്രവേശനം. 6 മണി ആകുന്നതോടെ പല ഭാഗത്തുനിന്നും ആളുകൾ എത്താൻ തുടങ്ങും . അവരെ സ്വീകരിച്ചാനയിച്ച് അവർക്ക് ഇരിപ്പിടം കിട്ടിയെന്ന് ഉറപ്പുവരുത്തുകയാണ് പിന്നീട് . ജാതി മത ഭേദമന്യേ എല്ലാവർക്കും സ്വാഗതമാണ് . മലയാളികളും മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളും മാത്രമല്ല , ആഫ്രിക്ക , ബംഗ്ലാദേശ് , പാകിസ്ഥാൻ , ശ്രീലങ്ക , നേപ്പാൾ , തുടങ്ങി പല ഭാഗത്തുള്ളവർ ഈ ഇഫ്താറിൽ പങ്കെടുക്കുന്നു . ഈ ഇഫ്താർ കാരണം ഇപ്പോൾ ഭക്ഷണത്തിന് ഒന്നും ചെലവാക്കേണ്ടി വരുന്നില്ലെന്ന് നോമ്പുകാരൻ അല്ലാത്ത , അന്യ മതസ്ഥനായ ഒരു തൊഴിൽ അന്വേഷകൻ ചെറുപ്പക്കാരൻ പറഞ്ഞത് അഭിമാനത്തോടെയാണ് ഭാരവാഹികൾ സ്വീകരിച്ചത് . നിരവധി സാമൂഹിക പ്രസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഇത്രയും സംഘടിതമായി ദിവസവും , ആളുകൾ കൂടുന്നതല്ലാതെ കുറയാതെ കണ്ട് , എല്ലാവരെയും സൽക്കരിച്ചുതൃപ്തരാക്കി കൊണ്ടുപോകുന്ന രീതി അധികമിടങ്ങളിൽ കാണാറില്ല . ആരോഗ്യ സുരക്ഷയുടെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് വോളന്റീയർമാരും ഭാരവാഹികളും പ്രവർത്തിക്കുന്നത്. അടുക്കള കാണാൻ വരുന്ന അതിഥികൾ പോലും ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന രീതിയിലാണ് കെഎംസിസി ഭക്ഷണ കാര്യങ്ങളെ കാണുന്നത്.
ഈ റമദാന്റെ തിരക്കൊഴിഞ്ഞാൽ തികച്ചും ഗുണപ്രദമായ ഒരു സ്പെഷ്യൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു നടപ്പിലാക്കാനുള്ള അണിയറ ഒരുക്കത്തിലാണ് ദുബായ് കെഎംസിസി. അംഗങ്ങൾക്കും അല്ലാത്തവർക്കും കെഎംസിസി യെ സമീപിക്കുന്ന മറ്റുള്ളവർക്കും ഇത് പ്രയോജനപ്പെടുത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആശങ്കളും കടുത്ത ഉപാധികളും വിലക്കുകളും ഇല്ലാത്ത ഒരു ഇൻഷുറൻസ് കാർഡിനുവേണ്ടിയാണ് കെഎംസിസി ഇപ്പോൾ നീക്കം നടത്തുന്നതെന്ന് എളേറ്റിൽ ഇബ്രാഹിം പറഞ്ഞു.
error: Content is protected !!