fbpx
ഇന്ത്യ

എന്‍ഡിഎക്ക് 200, യുപിഎക്ക് 197, വ്യത്യസ്ത എക്‌സിറ്റ് പോള്‍ ഫലവുമായി ബിശാൽ പോൾ

ന്യൂഡൽഹി: ഭൂരിഭാഗം എക്സിറ്റ് പോളുകളും രാജ്യത്ത് എൻഡിഎയുടെ വിജയം പ്രവചിച്ചപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു എക്സിറ്റ് പോൾ ഫലം പുറത്തു വിട്ടിരിക്കുകയാണ് സ്വതന്ത്ര്യ ഗവേഷകനായ ബിശാൽ പോൾ. ബിശാലിന്റെ എക്സിറ്റ് പോൾ പ്രകാരം എൻഡിഎക്ക് 200 സീറ്റും യുപിഎക്ക് 197 സീറ്റുമാണ് ലഭിക്കുക. ബിജെപിക്ക് 169 സീറ്റും കോൺഗ്രസിന് 133 സീറ്റുകളും മറ്റുള്ളവർക്ക് 145 സീറ്റുകളാണ് ലഭിക്കുകയെന്നും അദ്ദേഹം താൻ നടത്തിയ എക്സിറ്റ് പോൾ ഫലം ട്വിറ്ററിലൂടെ പുറത്തു വിട്ടു.

എക്സിറ്റ് പോളിന് സ്വീകരിച്ച മെത്തഡോളജിയെകുറിച്ചുള്ള കുറിപ്പും ട്വിറ്ററിൽ പുറത്തു വിട്ടിട്ടുണ്ട്.

രാജ്യത്തെ പ്രധാന പാർട്ടികളായ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിശാൽ പോൾ പ്രവചിക്കുന്നത്. മൂന്നു സീറ്റുകളുടെ വ്യത്യാസം മാത്രമേ ഇരു മുന്നണികളും തമ്മിലുണ്ടാകൂ. അതേസമയം കേരളത്തിൽ 20 ലോക്സഭാ സീറ്റുകളിൽ യുപിഎ മുന്നണി 15 ഇടത്ത് വിജയിക്കുമെന്നും വിശാൽ പോളിന്റെ സർവ്വേഫലം വ്യക്തമാക്കുന്നു. കേരളത്തിൽ 5 സീറ്റുകളാണ് എൽഡിഎഫ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാൽ ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ഇദ്ദേഹത്തിന്റെ പ്രവചനത്തിൽ വ്യക്തമാക്കുന്നു. ഉത്തർ പ്രദേശിൽ എസ് പി – ബിഎസ് പി സഖ്യത്തിന് 42 സീറ്റുകളും ബിജെപിക്ക് 32 സീറ്റുകളും കോൺഗ്രസിന് 5 സീറ്റുകളും ലഭിക്കും. പശ്ചിമബംഗാളിൽ തൃണമൂൽ 32 സീറ്റുകളിലും ബിജെപി 5 സീറ്റുകളിലും ഇടതുപക്ഷം ഒരു സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. ഗുജറാത്തിൽ ബിജെപി 20, കോൺഗ്രസ് 6 സീറ്റുകൾ നേടുമെന്നുമാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്.

മോദി സർക്കാരിലെ നിലവിലെ മന്ത്രിമാരുടെ വിജയസാധ്യതയും ബിശാൽ പോൾ പ്രവചിച്ചിട്ടുണ്ട്. സ്മൃതി ഇറാനിയും ഡിവി സദാനന്ദ ഗൗഡയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും രാജ്നാഥ് സിങ് വിജയിക്കുമെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു

error: Content is protected !!