fbpx
കായികം

വെസ്റ്റിന്ഡീസിനെ 15 റൺസിന് മലർത്തിയടിച്ച് ഓസീസ്

ലോകകപ്പിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ 15 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ. 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 273 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ ലോകകപ്പിൽ ഓസീസിന്റെ രണ്ടാം ജയമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ് 49 ഓവറിൽ 288 റൺസിന് ഓൾഔട്ടാകുകയായിരുന്നു. തുടക്കം തകർന്ന ഓസീസിനെ 60 പന്തിൽ നിന്ന് നാലു സിക്സും എട്ടു ബൗണ്ടറിയുമടക്കം 92 റൺസെടുത്ത നഥാൻ കോൾട്ടർ നൈലിന്റെ ട്വന്റി 20 സ്റ്റൈൽ ഇന്നിങ്സാണ് രക്ഷിച്ചത്. ലോകകപ്പിൽ ഒരു എട്ടാം നമ്പർ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡും കോൾട്ടർ നൈൽ സ്വന്തമാക്കി. അർധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് (73), അലക്സ് കാരി (45) എന്നിവരും ഓസീസിനായി തിളങ്ങി.

289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് ഓപ്പണർ എവിൻ ലൂയിസിനെ (1) തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ടു തവണ ഡി.ആർ.എസ് രക്ഷിച്ച ഗെയ്ൽ പിന്നീട് ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിലാണ് പുറത്തായത്. ഗെയ്ൽ പുറത്തായ പന്തിനു മുൻപ് മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്ത് ഫ്രണ്ട് ഫൂട്ട് നോബോളായിരുന്നു. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയിൽപ്പെട്ടില്ല. 17 പന്ത് നേരിട്ട ഗെയ്ൽ 21 റൺസെടുത്താണ് മടങ്ങിയത്

വിൻഡീസ് പ്രതീക്ഷയായിരുന്ന ഹോൾഡറെ 46-ാം ഓവറിൽ സ്റ്റാർക്ക് മടക്കിയതോടെ അവരുടെ പോരാട്ടം അവസാനിച്ചു.

അർധ സെഞ്ചുറി നേടിയ ഷായ് ഹോപ്പ് (68), ജേസൺ ഹോൾഡർ (51) എന്നിവർ വിൻഡീസിനായി പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ലക്ഷ്യം അകന്നു.
46 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് വിൻഡീസിനെ തകർത്തത്.

error: Content is protected !!