fbpx
ഇന്ത്യ

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു; 3 ലക്ഷം പേരെ മാറ്റി താമസിപ്പിച്ചു

വായു ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ ഗുജറാത്ത് തീരങ്ങളില്‍ വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിനെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കി. ഗുജറാത്തിലെ തീരങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

നാളെ ഉച്ചയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ ദ്വാരകക്കും വെരാവലിനുമിടയിലുള്ള തീരപ്രദേശത്തായി വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. പോര്‍ബന്ധറിന്‍റെ തെക്ക് ഭാഗത്ത് നിന്ന് 360 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. 13 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരം. 155 മുതല്‍ 165 കിലോമീറ്റര്‍ വരെയാണ് ചുഴലിക്കാറ്റിന്‍റെ വേഗത. ഗുജറാത്തിലെ തീരപ്രദേശങ്ങളായ കച്ച്, ദ്വാരക, വെരാവല്‍, ദിയു, പോര്‍ബന്ധര്‍ എന്നിവിടങ്ങളില്‍ കാറ്റ് നാശം വിതച്ചേക്കും. ഇവിടങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു.

സുരക്ഷ മുന്‍കരുതല്‍ വിലയിരുത്തുന്നതിനായി ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കാര്യങ്ങള്‍ അടുത്ത് നിന്ന് വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ദുരന്ത നിവാരണ സേനയുടെ 33 ബറ്റാലിയനുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

 

error: Content is protected !!