fbpx
കായികം

ഇന്ത്യ ശക്തമായ നിലയിൽ; പാകിസ്ഥാൻ പൊരുതുന്നു; ജയിക്കാൻ 337 റൺസ്

ലോകകപ്പ് പോരാട്ടത്തിൽ പാകിസ്താനു മുന്നിൽ ശക്തമായ ബാറ്റിങ് പാഠവവുമായി ടീം ഇന്ത്യ
നിശ്ചിത 50 ഓവറിൽ 337 റൺസ് വിജയലക്ഷ്യമുയർത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു.

ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ 46.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ഇന്ത്യൻ ടോപ്പ് ഓർഡർ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ രോഹിത് ശർമയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളിൽ നിന്ന് തന്റെ 24-ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തിൽ നിന്ന് മൂന്നു സിക്സും 14 ബൗണ്ടറികളുമടക്കം 140 റൺസെടുത്ത് പുറത്തായി. ഹസൻ അലിയുടെ പന്തിൽ വഹാബ് റിയാസിന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ഈ ലോകകപ്പിൽ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.

65 പന്തിൽ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റൺസെടുത്ത ക്യാപ്റ്റൻ കോലിയും ഇന്ത്യയ്ക്കായി തിളങ്ങി.

രോഹിത് – ലോകേഷ് രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നൽകിയത്. 23.5 ഓവറിൽ 136 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തിൽ നിന്ന് 57 റൺസെടുത്ത രാഹുൽ വഹാബ് റിയാസിന്റെ പന്തിലാണ് പുറത്തായത്.

പിന്നീട് ക്രീസിൽ ഒന്നിച്ച രോഹിത് – കോലി കൂട്ടുകെട്ട് 98 റൺസ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തു. 39-ാം ഓവറിൽ രോഹിത് പുറത്തായ ശേഷം എത്തിയ ഹാർദിക് പാണ്ഡ്യ 19 പന്തിൽ നിന്ന് 26 റൺസെടുത്ത് പുറത്തായി. ധോനിക്ക് വെറും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

ഇതിനിടെ മത്സരത്തിൽ 57 റൺസ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 11,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. 222 ഇന്നിങ്സുകളിൽ നിന്നാണ് കോലി ഈ നേട്ടം പിന്നിട്ടത്. സച്ചിന് 11,000 റൺസ് തികയ്ക്കാൻ 276 ഇന്നിങ്സുകൾ വേണ്ടിവന്നിരുന്നു. ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് കോലി. 18,426 റൺസെടുത്ത സച്ചിൻ തെണ്ടുൽക്കറും 11,363 റൺസുമായി സൗരവ് ഗാംഗുലിയുമാണ് കോലിക്ക് മുന്നിലുള്ളത്.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുന്നത്.

ഇത് ഏഴാം തവണയാണ് ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പമായിരുന്നു.

2 ഓവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ പാകിസ്ഥാൻ 6 റൺസ് നേടി

error: Content is protected !!