കേരളം

പ്രളയവും പ്രവാസിയും – വടക്കൻ കേരളം നൽകുന്നത്

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ദശലക്ഷക്കണക്കിന് മലയാളികൾ അവരവരുടെ നാടിനെ ഓർത്ത് അക്ഷരാർഥത്തിൽ വിഷാദമൂകമായി ഇരിക്കുകയാണിപ്പോൾ. ഒരു തരം മരവിപ്പ് വേട്ടയാടുന്നു. കോഴിക്കോട്, കണ്ണൂർ , മലപ്പുറം , തൃശൂർ , വയനാട് , കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണല്ലോ പ്രവാസ ലോകത്ത് കൂടുതൽ. പെരുന്നാൾ അവധി ആയതുകൊണ്ട് പലരും ഒരാഴ്ചയെങ്കിലും കുടുംബവുമായി ഒത്തുചേരാം എന്ന് തീരുമാനിച്ച് നാട്ടിലേക്ക് പുറപ്പെടാൻ വലിയ വില കൊടുത്ത് എയർ ടിക്കറ്റ് എടുത്തു കാത്തിരുന്നവരാണ് . പക്ഷെ ആകസ്മികമായി മഴ വന്നതും നെടുമ്പാശ്ശേരി എയർ പോർട്ട് അടച്ചതും കോഴിക്കോട് എയർ പോർട്ടിൽ എത്തിയ പലർക്കും അവരവരുടെ വീടുകളിൽ എത്താനാകാതെ വന്നതും വാർത്തയായി വന്നതോടെ മനസ്സ് വിഷമിച്ച് പലരും യാത്ര മുടക്കി നെടുവീർപ്പോടെ മാധ്യമങ്ങളെ ആശ്രയിക്കുകയാണ്. പതിവിന്‌ വിപരീതമായി ഇത്തവണ സാമൂഹിമ മാധ്യമങ്ങൾ അപ്പപ്പോൾ കൃത്യമായ വിവരങ്ങളുമായി രംഗത്തുണ്ട് . നാട്ടിൽ നിന്ന് പല വ്യക്തികളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ കാതലായ വിവരങ്ങൾ നൽകുന്നുണ്ട് . പലയിടങ്ങളിലും ഫോൺ കിട്ടുന്നില്ല . വൈദ്യുതി ബന്ധം നഷ്ടമായിട്ട് ദിവസം മൂന്ന് കഴിയുന്നു . ടെലിവിഷൻ ചാനലുകളുടെ മുന്നിൽ ഇരുന്ന് നെടുവീർപ്പോടെ തങ്ങളുടെ നാടിൻറെ ദുരന്ത വിവരങ്ങൾ കണ്ണെടുക്കാതെ നോക്കുന്നവരും നിരവധി. വെള്ളിയാഴ്ച ആയതുകൊണ്ട് മിക്ക റേഡിയോ നിലങ്ങളും മൂകമാണ്. ശനിയും ഞായറും അവധി ആയതുകൊണ്ട് റേഡിയോകളെ ആശ്രയിക്കാനും കഴിയില്ല.
കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശമായ നാദാപുരം , കുറ്റ്യാടി , വിലങ്ങാട് പ്രദേശങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. ഈ നാടുകളിൽ പ്രളയം തീർത്ത മുറിപ്പാടുകൾ വളരെ വലുതാണ്. വിലങ്ങാട് മല മനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേര് കേട്ടതാണ് . വാണിമേൽ പഞ്ചായത്തിലെ മലയോരം . ആയിരങ്ങൾ വാണിമേൽ പഞ്ചായത്തിൽ നിന്ന് ഗൾഫ് നാടുകളിലുണ്ട്. നാടൻ കൃഷിക്കും വിലങ്ങാട് പേരുകേട്ടതാണ് . ഉരുൾ പൊട്ടലിൽ ആ മഹനീയ സൗന്ദര്യത്തിന് കേടുപാടുകൾ പറ്റിയിരിക്കുന്നു . കുത്തി ഒലിച്ചു വരുന്ന വെള്ളത്തിന്റെ പാച്ചിലിൽ ഒരു കുടുംബത്തിലെ 4 പേരെയാണ് നഷ്ടമായത് ഈ വിലങ്ങാട്ട് . രണ്ടാമതൊരു വീടും തകർന്നു . അവിടെ ആളുകൾ ഇല്ലായിരുന്നു.
കുറ്റ്യാടിയിൽ ഒഴുക്കിൽ പെട്ട 2 പേർ മരിച്ചു . മാക്കൂൽ  മുഹമ്മദ് ഹാജിയുടെയും ഷെരിഫ് സക്കാഫി യുടെയും മരണം അവരെ നേരിട്ട് അറിയാവുന്ന ആയിരങ്ങളെ വിഷമത്തിലാക്കി. പള്ളിയിലെ ഫയലുകൾ നശിക്കാതിരിക്കാൻ അവ സുരക്ഷിതമാക്കാൻ ഓടി വന്നവരാണ് . തിരികെ വന്ന വഴി പോയവരാണ് ഇവർ . കുറ്റ്യാടി സിറാജുൽ ഹുദാ മാനേജർ ആയിരുന്നു മുഹമ്മദ് ഹാജി . ഓഫീസിൽ സ്റ്റാഫ് ആയിരുന്ന ഷെരിഫ് സക്കാഫി സഹായത്തിന് വന്നതാണ് . ആദ്യം ഷെരിഫ് സഖാഫി ഒഴുക്കിൽപ്പെട്ടു . ഹാജി രക്ഷപ്പെടുത്താൻ ശ്രമിച്ചതാണ് . രണ്ടാളെയും ഒഴുക്ക് കൊണ്ടുപോയി . ഞെട്ടിപ്പിച്ച ദുരന്തം .
കുറ്റ്യാടി ചുരം മുഴുവനായും അടച്ചെന്ന് കേൾക്കുമ്പോൾ തന്നെ ഗൾഫിലുള്ള പ്രദേശ വാസികൾക്ക് ദുരന്തത്തിന്റെ ആഴം മനസിലാക്കാം. അപ്പപ്പോൾ വീടുകളിൽ നിന്ന് വിവരം കിട്ടിക്കൊണ്ടിരുന്നവർക്ക് അത് പെട്ടെന്ന് കിട്ടാത്ത വിധത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ നിലച്ചുപോയപ്പോൾ അസ്വസ്ഥത ചെറുതല്ല. ചെറുകിട വൈദ്യുതി പദ്ധതികൾ വിജയകരമായി നടത്തുന്നതിന് പേരുകേട്ട വാണിമേൽ കുറ്റ്യാടി പ്രദേശങ്ങൾ ഇപ്പോൾ ഇരുട്ടിലാണ്.
കോഴിക്കോട് നല്ലളം എന്ന സ്ഥലത്തു വീടുകൾക്ക് ഉള്ളിൽ കഴിയുന്നവർക്ക് പുറത്തു കടക്കാൻ കഴിയുന്നില്ല. മനുഷ്യപ്പറ്റുള്ള പല ഗൾഫുകാരും ഇവിടങ്ങളിൽ തങ്ങളുടെ സുരക്ഷിത ഭവനങ്ങൾ ദുരിത ബാധിതർക്കായി മലർക്കെ തുറന്നിട്ടുകൊണ്ട് വീട്ടിലേക്ക് വന്നു താമസിക്കാൻ ക്ഷണിക്കുന്ന കാഴ്ചയുമുണ്ട്. പെരിങ്ങത്തൂർ , കരിയാട് , കിടഞ്ഞി , പുല്ലൂക്കര എന്നിവിടങ്ങളിൽ ഉള്ളവർക്ക് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഖത്തറിൽ കഴിയുന്ന എൻ കെ മുസ്തഫ ഹാജി നൽകിയ സന്ദേശം വാട്സാപ്പുകളിൽ പ്രചരിക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാരും പ്രാദേശിക നേതാക്കളും സാമൂഹിക പ്രവർത്തകരും പറഞ്ഞുകൊണ്ടിരിക്കുന്നു. പറയാൻ എളുപ്പം . പക്ഷെ വെള്ളക്കെട്ടിൽ നിന്ന് എങ്ങനെ സ്ത്രീകളും കുട്ടികളും രോഗികളും മറ്റും എങ്ങനെ പുറത്തുകടക്കും എന്ന ചോദ്യം അവശേഷിക്കുന്നു.
തൂണേരിക്കടുത്തുള്ള കായപ്പനച്ചിയിൽ വെള്ളം റോഡുകളെ നദിപോലെയാക്കി. ഇവിടെയും നിരവധി ഗൾഫ് കുടുംബങ്ങൾ ഉള്ളതാണ് . അപൂർവം ചില വാട്സാപ്പ് സന്ദേശങ്ങൾ അല്ലാതെ കൂടുതൽ വിവരങ്ങൾ കിട്ടാത്തതിന്റെ ആശങ്ക ആളുകൾക്കുണ്ട്.
കണ്ണൂരിൽ കഴിഞ്ഞ മഹാ പ്രളയത്തിൽ പോലും കാണാത്ത വെള്ളപ്പൊക്കമാണ് ദൃശ്യമായത് . ശ്രീകണ്ഠപുരം അങ്ങനെ തന്നെ മുങ്ങി. റോഡുകൾ വെള്ളത്തിനടിയിൽ . സ്ഥാപനങ്ങളിൽ വെള്ളം ഇരച്ചുകയറി.
ഇത്തവണ വയനാടിനെയാണ് ദുരന്തം ഏറ്റവും കൂടുതൽ വേട്ടയാടിയത് . ഇതെഴുതുമ്പോൾ കേരളത്തിൽ 40 പേർ മരിച്ചെന്ന റിപ്പോർട്ട് വരുന്ന സമയം ആണ്. പുത്തുമല വാർത്തകളിൽ സ്ഥാനം പിടിച്ചത് ഈ ദിവസങ്ങളിലെ ഉരുൾ പൊട്ടൽ കൊണ്ടാണ്. ഡസൻ കണക്കിന് സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്നാണ് വയനാട് ജില്ലയെ കുറിച്ച് കേൾക്കുന്നത്. പുത്തുമലയിൽ മാത്രം 8 പേരാണ് മരിച്ചത് . ഇനിയും ആളുകൾ മണ്ണിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു . വെളിച്ചം ഇല്ലായ്മയും ദുർക്കടം പിടിച്ച പാതകളും കനത്ത മഴയും രാത്രി ഉണ്ടാകാൻ ഇടയുള്ള ഉരുൾ പൊട്ടലിനെ കുറിച്ചുള്ള ഭീതിയും കാരണം രാത്രി അവിടെ രക്ഷാപ്രവർത്തകർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
മലപ്പുറത്ത് നിലംബൂർ കവളപ്പാറ 10 പേരുടെ മരണം കൊണ്ട് വാർത്തകൾ നിറഞ്ഞു നിൽക്കുന്നു. ഒരു വലിയ മല അങ്ങനെ തന്നെ ഇടിഞ്ഞു വീണു  അതിന്റെ അവശിഷ്ടങ്ങളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് കേൾക്കുന്നു.പാലക്കാട് ജില്ലയിൽ വൈകിയാണ് മഴ വന്നത് . പക്ഷെ ഇപ്പോൾ രൂക്ഷം. ഇടുക്കി തുടക്കത്തിൽത്തന്നെ പ്രക്ഷുബ്ധമായിരുന്നു . ആദ്യത്തെ 5 പേരുടെ ജീവഹാനി റിപ്പോർട്ട് ചെയ്യപ്പെട്ടു . തൃശ്ശൂരിൽ പലയിടങ്ങളിലും വെള്ളം കയറി . എറണാകുളവും ആലപ്പുഴയും ഇപ്പോൾ വളരെ മോശം വാർത്തകൾ നൽകുന്നു . ആലപ്പുഴയിൽ കുളിക്കാനിറങ്ങിയ 2 പേരെ വെള്ളം കൊണ്ടുപോയി . പത്തനംതിട്ട ജില്ല ഇത്തവണ മഴ വന്നപ്പോൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ആളുകളെ അങ്ങോട്ട് മാറ്റി . കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച രാത്രി വൈകിയും കനത്ത മഴ.
മൊത്തം മുക്കാൽ ലക്ഷത്തോളം ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുകയാണ് .ഇനി ഈ മാസം 15 ഓടെ വീണ്ടും മഴ കണക്കുമെന്നാണ് പ്രവചനം . ന്യൂന മർദ്ദം കടലിൽ രൂപം കൊള്ളുകയാണെന്ന് പറയുന്നു . ആ മർദ്ദം കാറ്റിൽ ആടിയാടി നമ്മുടെ കേരളത്തിന്റെ മുകളിലേയ്‌ക്ക്‌ വന്ന് മേഘങ്ങളിലേക്ക് കെട്ടുപിണഞ്ഞു വീണ്ടും പെയ്തിറങ്ങുമെന്നാണ് പ്രവചനം പറയുന്നത്.
വടക്കൻ കേരളത്തിൽ നിന്ന് ഗൾഫിൽ കഴിയുന്ന ആളുകൾ അസ്വസ്ഥരാണ്. അവരുടെ നെഞ്ച് പിടയ്‌ക്കുന്നുണ്ട് അസ്വാഭാവികമായി. നമ്മുടെ പ്രകൃതി പരിരക്ഷണ രീതികളും ദുരന്ത നിവാരണ സംവിധാനങ്ങളും നിർമാണ ശൈലികളും റോഡ് പാലം നിർമാണ രീതികളും വന സംരക്ഷണ സിദ്ധാന്തങ്ങളും കടൽ കായൽ നദീ തടാക സംരക്ഷണ പദ്ധതികളും ദുരിതാശ്വാസ സംവിധാനങ്ങളും ഒരു പുനർ വായനയ്‌ക്ക്‌ വിധേയമാകണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതിനു എങ്ങനെ ആര് എപ്പോൾ നേതൃത്വം കൊടുക്കും എന്ന വിഷയം പൂരിപ്പിക്കാതെ കിടക്കരുത്.
error: Content is protected !!