ഇന്ത്യ

ചിദംബരത്തിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ചിദംബരത്തിന്റെ അറസ്റ്റ് തടയാതെ വീണ്ടും സുപ്രീം കോടതി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

ലിസ്റ്റ് ചെയ്യാതെ എങ്ങനെ ഹരജി പരിഗണിക്കുമെന്നും ജസ്റ്റിസ് രമണ ചോദിച്ചു. നാളെ ലിസ്റ്റ് ചെയ്താല്‍ ഹരജി പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം ചിദംബരം ഒളിച്ചോടിയില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഹരജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ചിദംബരത്തിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

ചിദംബരത്തിന്റെ ഹരജിയ്‌ക്കെതിരെ സി.ബി.ഐ തടസ്സ ഹരജി സമര്‍പ്പിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് നല്‍കാതെ ഒരു തീരുമാനവും എടുക്കരുതെന്നാണ് തടസ്സ ഹരജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടത്.

പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സി.ബി.ഐ അറിയിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

error: Content is protected !!