ഷാർജയെയും മസ്‌കറ്റിനെയും ബന്ധിപ്പിച്ച് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് 2024 ഫെബ്രുവരി 27 മുതൽ ആരംഭിക്കുമെന്ന് എംവാസലാത്ത് (Mwasalat) അറിയിച്ചതിനെത്തുടർന്ന് ഒരു ദിവസം വൈകി ഇന്നലെ ഫെബ്രുവരി 28 ന് ബസ് സർവീസിന് തുടക്കമായി.
ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ആദ്യ ബസ് ഇന്നലെ രാവിലെ 6.45 നാണ് പുറപ്പെട്ടത്. ബസിൽ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുണ്ടായിരുന്നത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് ബസ് ഒമാനിലേക്ക് പോകുന്നത്.
രാവിലെ 8 മണിയോടെ കൽബയിൽ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം ബസ് നിർത്തും. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷൻ പരിശോധന കഴിഞ്ഞാൽ ശൗചാലയവും മറ്റും ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്താൻ 8 മണിക്കൂറാണ് യാത്രാസമയം. ഉച്ചയ്ക്ക് 2.30 നാണ് അവിടെ എത്തിച്ചേരുക. . യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും കൊണ്ടുപോകാവുന്നതാണ്. 100 ദിർഹമാണ് ബസ്സ് ചാർജ്ജ്. കൽബ ചെക് പോസ്റ്റിലെ എമിഗ്രേഷനിൽ 30 ദിർഹം ഫീസ് അടയ്ക്കണം. (ചില ചെക് പോസ്റ്റുകളിൽ ഈ ഫീസ് ഈടാക്കുന്നുമില്ല).
ഷാർജയിൽ നിന്നുള്ള ആദ്യ ബസ് അൽജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30 ന് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാർജയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിൽ എത്തും.
മസ്‌കറ്റിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെത്തും. രണ്ടാമത്തേത് മസ്‌കറ്റിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പുലർച്ചെ 1.10ന് അൽജുബൈൽ ബസ് സ്റ്റേഷനിലെത്തും.