ദുബായിൽ കുട്ടിയെ ചുമന്നുകൊണ്ടുനടന്ന് ഭിക്ഷാടനം നടത്തിയ ഒരു ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും 30,000 ദിർഹം വിലമതിക്കുന്ന വ്യത്യസ്ത വിദേശ കറൻസികൾ കണ്ടെത്തിയിട്ടുണ്ട്. മസ്ജിദുകൾക്ക് സമീപവും പാർപ്പിട പ്രദേശങ്ങളിലും ഭിക്ഷ യാചിച്ചാണ് ഇവർ ഈ തുക സ്വരൂപിച്ചത്.
രണ്ടാഴ്ച മുമ്പാണ് യുവതി അറസ്റ്റിലായത്. വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കടന്ന യുവതിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ നടന്ന ഭിക്ഷാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇന്ന് വെള്ളിയാഴ്ച നടന്ന മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.