ബറാക ആണവോർജ നിലയത്തിലെ നാലാമത്തെയും അവസാനത്തെയും യൂണിറ്റ് വിജയകരമായി പ്രവർത്തനം തുടങ്ങിയതായി എമിറേറ്റ്സ് ആണവോർജ കോർപറേഷൻ Emirates Nuclear Energy Corporation (ENEC) അറിയിച്ചു. അണുവിഭജനത്തിലൂടെ ചൂട് ഉൽപാദിപ്പിച്ച നാലാമത്തെ പ്ലാൻ്റ് ഇതിലൂടെ നീരാവിയുണ്ടാക്കുകയും ടർബൈൻ കറക്കി വൈദ്യുതി ഉൽപാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.
പരീക്ഷണഘട്ടം പിന്നിടുമ്പോഴേക്ക് പതിയെ ഊർജ ഉൽപാദന ശേഷി പരമാവധിതലത്തിൽ വർധിപ്പിക്കുകയാണ് ലക്ഷ്യം. നാലാമത്തെ യൂണിറ്റിൻ്റെ പ്രവർത്തനംകൂടി തുടങ്ങാനായത് സുപ്രധാന നേട്ടമാണെന്ന് ഇനെക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി യു.എ.ഇ ആളോഹരി ശുദ്ധോർജ തോത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേതിനെക്കാൾ ഉയർത്തിയെന്നും ഇതിൻ്റെ 75 ശതമാനവും ബറക്ക നിലയത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. വരും ആഴ്ചകളിൽ നാലാം യൂണിറ്റിനെ ദേശീയ ഊർജ ശൃംഖലയുമായി ബന്ധിപ്പിക്കും.