യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പർവതങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും തീരത്ത് 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നും യുഎഇയിലുടനീളം താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു. പൊടികാറ്റ് വീശുമെന്നതിനാൽ റോഡുകളിൽ ദൃശ്യപരത കുറഞ്ഞേക്കാം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ പ്രതീക്ഷിക്കാം. അറബിക്കടലിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കും. പ്രതികൂല കാലാവസ്ഥയെ നേരിടാൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു.
തണുത്ത പടിഞ്ഞാറൻ കാറ്റിനൊപ്പം തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദ്ദം യുഎഇയെ ബാധിക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ ബ്യൂറോ പറഞ്ഞു.