ഷാർജയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ 20-ാം നിലയിൽ നിന്ന് അഞ്ച് വയസ്സുള്ള നേപ്പാൾ സ്വദേശിയായ ബാലൻ വീണു മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
ഷാർജ ബു ഡാനിഗ് ഏരിയ (Bu Danig area ) യിലുള്ള ഒരു ടവറിൽ കുടുംബത്തിൻ്റെ അപ്പാർട്ട്മെൻ്റിൻ്റെ ജനാലയിൽ നിന്നാണ് കുട്ടി വീണത്. ജനലിനോട് ചേർന്ന് വച്ചിരുന്ന കസേരയിൽ കുട്ടി കയറി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമികനിഗമനം. ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ അൽ ഗർബ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫോറൻസിക് വിദഗ്ധരും പാരാമെഡിക്കുകളും സംഭവസ്ഥലത്തേക്കെത്തിയിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാപിതാക്കളുടെ അവഗണനയാണെന്ന് കുട്ടി 20-ാം നിലയിൽ നിന്ന് വീഴാൻ കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മൃതദേഹം അൽ ഖാസിമി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രക്ഷിതാക്കൾക്ക് കൈമാറും. മാതാപിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ കുട്ടികൾ എപ്പോഴും തങ്ങളുടെ മേൽനോട്ടത്തിലുണ്ടെന്ന് ഉറപ്പാക്കാനും, ചലിക്കുന്ന വസ്തുക്കൾ ഒരിക്കലും ജനലുകൾക്കടിയിലോ ബാൽക്കണിയിലോ വയ്ക്കരുതെന്നും ഷാർജ പോലീസ് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ ബാൽക്കണികളിലേക്കുള്ള പ്രവേശനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.