എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പാർക്ക് ചെയ്യുന്നതിനിടയിൽ ട്രക്കിലിടിച്ചു. 150 യാത്രക്കാരുമായി ഷാർജയിൽ നിന്ന് സൂറത്തില്‍ ലാന്‍ഡ് ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്യുന്നതിന് ഇടയിൽ വിമാനത്തിന്റെ ഡമ്പര്‍ ട്രക്കിലിടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30നാണ് സംഭവം ഉണ്ടായത്.
അപകടത്തില്‍ വിമാനത്തിന്റെ ഇടത് ചിറകിന് കേടുപാടുകള്‍ സംഭവിച്ചു. ഷാര്‍ജയില്‍ നിന്നുള്ള വിടി-എടിജെ എയർബസ് 320-251എൻ വിമാനം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സംഭവം. ലാൻഡിംഗിന് ശേഷം വിമാനം റൺവേയിൽ നിന്ന് ഏപ്രണിലേക്ക് നീങ്ങി. അവിടെ നിന്നും വിമാനം വീണ്ടും ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് വിമാനം പാര്‍ക്ക് ചെയ്തെന്നും സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ് സി ഭാല്‍സെ പറഞ്ഞു . എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്താനാകൂ.