ദുബായിൽ പുതിയ 4 പാലങ്ങളുടെ 75 ശതമാനം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു
ഗാർൺ അൽ സബ്ഖ-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്സ് ഇംപ്രൂവ്‌മെൻ്റ് പ്രോജക്ടിൻ്റെ ഇൻ്റർസെക്ഷനിൽ 2,874 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമ്മാണങ്ങളാണ് 75 ശതമാനം പൂർത്തിയായിട്ടുള്ളത്. ഇവ നാലും ഗതാഗതയോജ്യമായാൽ മണിക്കൂറിൽ 17,600 വാഹനങ്ങളുടെ ഗതാഗത ശേഷി കൈകാര്യം ചെയ്യാൻ കഴിയും.
ഷെയ്ഖ് സായിദ് റോഡിനെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായ ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൻ്റെ നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ അസയേൽ സ്ട്രീറ്റ് എന്നിവയ്ക്കിടയിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കും. ഈ പ്രധാന റോഡ് പദ്ധതിയുടെ പൂർത്തീകരിച്ചാൽ ഗാർൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് അൽ ഖുസൈസിലേയ്‌ക്കും ദെയ്‌റയിലേക്കും പോകുന്ന ട്രാഫിക്കിൻ്റെ യാത്രാ സമയം 40 ശതമാനം വെട്ടിക്കുറച്ച് വെറും 12 മിനിറ്റ് ആകും.
പാലങ്ങളുടെ അടിത്തറയുടെയും തൂണുകളുടെയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് , നിലവിൽ പാലത്തിൻ്റെ ഭിത്തികൾ സ്ഥാപിക്കൽ, ഇരുമ്പ് സപ്പോർട്ടുകൾ സ്ഥാപിക്കൽ, റോഡുകൾ വികസിപ്പിക്കൽ, ലൈറ്റിംഗ് ജോലികൾ, മഴവെള്ളം ഒഴുകിപ്പോകുന്ന ശൃംഖലകൾ, നിർമ്മാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ ഗതാഗതം വഴിതിരിച്ചുവിടൽ തുടങ്ങിയ ജോലികൾ ചെയ്തുവരികയാണ്.
പ്രധാന പാലങ്ങളിലൊന്ന് ഈ വർഷം രണ്ടാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായിലെ റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.