വാണിജ്യ യാത്രാ സേവനത്തിനായി ഓൾ-ഇലക്ട്രിക് വിമാനങ്ങൾ വികസിപ്പിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സ്ഥാപനം ”ജോബി ഏവിയേഷൻ” ആറ് വർഷത്തേക്ക് എയർ ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക അവകാശം നൽകുന്ന കരാർ ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ഒപ്പുവച്ചു.
ദുബായിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദുബായ് സർക്കാരിൻ്റെ സാമ്പത്തിക സഹായവും ജോബി ഏവിയേഷന് ലഭിച്ചിട്ടുണ്ട്. വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയിൽ 2026 ൻ്റെ തുടക്കത്തോടെ എയർ ടാക്സി സർവീസുകൾ ആരംഭിക്കുന്നതിനുള്ള കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. 2025 ൻ്റെ തുടക്കത്തിൽ തന്നെ എയർ ടാക്സികൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ജോബി ഏവിയേഷൻ തുടക്കം കുറിക്കും.
അമേരിക്ക ഉൾപ്പെടെയുള്ള മറ്റേതൊരു രാജ്യത്തിനും മുമ്പ് കമ്പനി ആദ്യം തങ്ങളുടെ എയർ ടാക്സി ദുബായിൽ അവതരിപ്പിക്കുമെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ജോബി ഏവിയേഷൻ പ്രസിഡൻ്റ് ബോണി സിമി പറഞ്ഞു,
യുഎഇയിലും മറ്റ് പ്രാദേശിക രാജ്യങ്ങളിലും നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അവസരവും തങ്ങൾ പര്യവേക്ഷണം ചെയ്യുകയാണെന്ന് ജോബി ഏവിയേഷൻ്റെ സ്ഥാപകനും സിഇഒയുമായ ജോബെൻ ബെവിർട്ട് പറഞ്ഞു.