ഭിക്ഷാടന വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി റമദാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ദുബായ് പോലീസ് 202 യാചകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം സമ്പാദിക്കുന്നതിനായി ഭൂരിഭാഗം പേരും വിസിറ്റ് വിസയിൽ ആണ് എത്തിയതെന്ന് ദുബായ് പോലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗ് അലി സലേം അൽ ഷംസി പറഞ്ഞു. അറസ്റ്റിലായവരിൽ 112 പുരുഷന്മാരും 90 സ്ത്രീകളും ആണുള്ളത്.
കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഭിക്ഷാടനത്തിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.
ഭിക്ഷാടകരോട് ദയനീയമായി ഇടപഴകരുതെന്ന് പോലീസ് പൊതുജനങ്ങളോട് കർശനമായി ഉപദേശിച്ചിട്ടുണ്ട്. ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഭിക്ഷാടനവും 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാനും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
റമദാനിൽ രജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് സംഭാവനകൾ നൽകണമെന്നും പോലീസ് പറഞ്ഞു