2023-ൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 1,565 വാഹനങ്ങൾ സ്മാർട്ട് വെഹിക്കിൾ സിസ്റ്റം വഴി അല്ലെങ്കിൽ സ്മാർട്ട് വെഹിക്കിൾ “ഹൗസ് അറസ്റ്റ്” സംവിധാനം വഴി പിടിച്ചെടുത്തതായി അജ്മാൻ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
ഈ സേവനത്തിൻ്റെ ഫലപ്രാപ്തിയും ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡും സംതൃപ്തിയും വർധിപ്പിച്ചതായി അജ്മാൻ പോലീസ് പറഞ്ഞു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഒരു പ്രത്യേക യാർഡിൽ പാർക്ക് ചെയ്യുന്നതിന് പകരം ഉടമയുടെ വീട്ടിലോ അല്ലെങ്കിൽ അവരുടെ സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിലോ പാർക്ക് ചെയ്ത് പിടിച്ചിടുന്ന രീതിയാണിത്.
ഈ “ഹൗസ് അറസ്റ്റ്” സംവിധാനത്തിലൂടെ ഒരു നിശ്ചിത കാലയളവിലേക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് പരിപാലിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കാതെ നോക്കാനും സാധിക്കും. മാത്രമല്ല ആവശ്യം വന്നാൽ 30 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ നീക്കാനും ഉടമകൾക്ക് അനുവാദമുണ്ടാകും.
വാഹനം വീട് വിട്ട് പോകില്ലെന്ന് ഉറപ്പാക്കാൻ വാഹനത്തിൽ സാറ്റലൈറ്റുമായി ബന്ധിപ്പിച്ച ഒരു കിറ്റ് പോലീസ് സാങ്കേതിക സംഘം സ്ഥാപിക്കും. തുടർന്ന് ഈ ഉപകരണം കേന്ദ്ര ലംഘന സംവിധാനത്തിലേക്കും 24 മണിക്കൂർ നിരീക്ഷണ സംവിധാനത്തിലേക്കും ഇലക്ട്രോണിക് ആയി ബന്ധിപ്പിക്കുകയും ചെയ്യുന്നു. വാഹനം 30 മീറ്ററിൽ കൂടുതൽ നീക്കിയാൽ, വാഹനത്തിന് സാമ്പത്തിക പിഴയും പുതിയ കണ്ടുകെട്ടൽ കാലയളവും ബാധകമാകും.
രാജ്യത്തെ ഏത് എമിറേറ്റിലും ഈ “ഹൗസ് അറസ്റ്റ്” സംവിധാനത്തിന് ആദ്യ മാസത്തേക്ക് 500 ദിർഹവും അധികമായുള്ള ഓരോ മാസത്തിനും 100 ദിർഹവും സേവന ഫീസായി നൽകണം. ഉടമകൾക്ക് തൻ്റെ വാഹനവുമായി ട്രാഫിക് ആൻഡ് ലൈസൻസിംഗ് സേവന കേന്ദ്രത്തിൽ വന്ന് അപേക്ഷ സമർപ്പിച്ച് ഈ സേവനത്തിനായി അഭ്യർത്ഥിക്കാമെന്ന് പോലീസ് പറഞ്ഞു.
حجز 1565 مركبة بنظام الحجز الذكي للمركبات في شرطة عجمان خلال 2023 pic.twitter.com/oU4Vl34l0T
— ajmanpoliceghq (@ajmanpoliceghq) April 2, 2024