ദുബായ് ഇൻ്റർനാഷണൽ (DXB) വിമാനത്താവളങ്ങളിൽ ഈദ് അൽ-ഫിത്തർ, സമ്മർ അവധിയോടനുബന്ധിച്ച് ഏപ്രിൽ 15 വരെ ഏകദേശം 3.6 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
ഈ കാലയളവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 2,58,000 കവിയാനും സാധ്യതയുണ്ട്. വാരാന്ത്യങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ മാസം 13-ന് മാത്രമായി 2,92,000 യാത്രക്കാരാണ് ദുബായ് വഴി യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നത്. പെരുന്നാൾ അവധി ദിനങ്ങളിലെ ഏറ്റവും തിരക്കേറിയ ദിനവും ഇതായിരിക്കും.
അവധി ആഘോഷിക്കാൻ ആളുകൾ സ്വദേശത്തേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും പോകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം പെരുന്നാൾ ദുബായിൽ ആഘോഷിക്കാൻ വരുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്. യാത്രക്കാർക്ക് മികച്ച അനുഭവങ്ങൾ നൽകാനായി ദുബായ് വിമാനത്താവളങ്ങൾ, വിമാനക്കമ്പനികൾ, ബിസിനസ് പങ്കാളികൾ എന്നിവയെല്ലാം പൂർണ സജ്ജമാണ്.