യുഎഇയിലേക്ക് 10,000 ടൺ ഉള്ളി കൂടി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുവദിച്ചതോടെ വരും ദിവസങ്ങളിൽ യുഎഇയിൽ ഉള്ളി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലേക്ക് 10,000 ടൺ ഉള്ളി കയറ്റുമതി ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ പ്രഖ്യാപനം നാഷണൽ കോഓപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡ് വഴി വരുമെന്ന് ഇന്ത്യയിലെ വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് പറഞ്ഞു.
അടുത്തയാഴ്ച പെരുന്നാൾ വരാനിരിക്കെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഉള്ളി, മറ്റ് പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഉപഭോഗവസ്തുക്കൾക്കുള്ള ഡിമാൻഡ് കുതിച്ചുയരുകയാണ്.
യുഎഇയിലേക്ക് അയച്ച 14,400 ടണ്ണിന് പുറമെയാണ് ഈ 10,000 ടൺ അനുവദിക്കുന്നത്. നേരത്തെ, ചില രാജ്യങ്ങളിലേക്ക് 79,150 ടൺ കയറ്റുമതി അയയ്ക്കാൻ ന്യൂഡൽഹി അനുമതി നൽകിയിരുന്നു.
യുഎഇയിൽ ഉള്ളി വില വൻതോതിൽ വർധിച്ച് കിലോഗ്രാമിന് 7 ദിർഹത്തിലെത്തിയിരിക്കുകയാണ്. സാധാരണയായി ഹൈപ്പർമാർക്കറ്റുകളിൽ ഉള്ളി കിലോഗ്രാമിന് 2 ദിർഹം മുതൽ 3 ദിർഹം വരെയാണ് വിൽക്കുന്നത്. വാരാന്ത്യ കിഴിവുകളിലും പ്രമോഷനുകളിലും, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി വിലകൾ ചിലപ്പോഴൊക്കെ കിലോഗ്രാമിന് 1 ദിർഹമായി കുറയ്ക്കാറുണ്ട്.