കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെ ഷാർജ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് 5 പേർ ശ്വാസംമുട്ടി മരിക്കുകയും 44 പേർക്ക് പരിക്കേറ്റതായും ഷാർജ അധികൃതർ അറിയിച്ചു.
7 പേർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും പൊലീസ് അറിയിച്ചു. 18 കുട്ടികൾ ഉൾപ്പെടെ 156 താമസക്കാർക്ക് അഭയം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. തീപിടിത്തമുണ്ടായതിന്റെ വെപ്രാളത്തിൽ ഈ കെട്ടിടത്തിൽ നിന്നും എടുത്ത് ചാടി ഒരു ആഫ്രിക്കൻ സ്വദേശി മരണപ്പെട്ട വിവരം അധികൃതർ നേരത്തെ പുറത്ത് വിട്ടിരുന്നു.
750 അപ്പാർട്ട്മെൻ്റുകൾ ഉൾപ്പെടെ 39 നിലകളാണ് ഈ ടവറിൽ ഉള്ളത്. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അധികൃതർ ആശംസിച്ചു.