പെരുന്നാൾ അവധിക്ക് പിന്നാലെ വിഷുവും ഇത്തവണ അവധിദിനത്തിൽ എത്തുന്നതോടെ വിഷു ആഘോഷപൂർവം കൊണ്ടാടാനുള്ള തയാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി മലയാളികൾ.
നാളെ ഏപ്രിൽ 14 ഞായറാഴ്ച്ചയാണ് ഈ വർഷത്തെ കാഴ്ച നിറച്ച് വിഷു എത്തുന്നത്. യുഎഇയിൽ സ്വകാര്യമേഖലക്ക് പെരുന്നാളിന് ലഭിച്ച നീണ്ട അവധി ഇന്നലെ വെള്ളിയാഴ്ച്ച അവസാനിച്ചു, വാരാന്ത്യഅവധിദിനങ്ങളായ ശനിയും ഞായറും കൂടി അവധി ലഭിക്കുന്നവർക്ക് ഞായറാഴ്ച്ച വിഷുവും ആഘോഷിച്ച് ഏപ്രിൽ 15 തിങ്കളാഴ്ച ജോലി പുനരാരംഭിച്ചാൽ മതി.
വിഷു വിഭവസമൃദ്ധമാക്കാൻ യുഎഇയിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പച്ചക്കറികളും കൊന്നപ്പൂവും തേടി എത്തുന്നവരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തൂശനില തുടങ്ങി സദ്യയ്ക്കും കൊന്നപ്പൂവടക്കം വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഒരിടത്ത് പ്രത്യേകം അലങ്കരിച്ചത് മനോഹരമായ കാഴ്ചയ്ക്കൊപ്പം വാങ്ങാനും സൗകര്യമായിട്ടുണ്ട്.
വിഷു കിറ്റിന് ഏതാണ്ട് 26.95 ദിർഹമാണ് വില. ജോലിത്തിരക്ക് കാരണം പച്ചക്കറികൾ അരിയാനും തയാറാക്കാനും സമയമില്ലാത്തവർക്കായി കുടുംബത്തിലുള്ളവരുടെ എണ്ണം അനുസരിച്ച് ആവശ്യമായ അളവിൽ അരിഞ്ഞ ഉൽപന്നങ്ങളുമുണ്ട്.
ചില ഹൈപ്പർമാർക്കറ്റുകളിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ പച്ചക്കറികളും വിഷുസദ്യയും വീട്ടിലെത്തുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ പുതുമയേറിയ വിഭവങ്ങളോടെ വിഷു സദ്യ ഒരുക്കി മലയാളി റെസ്റ്റോറന്റുകളും മത്സരിക്കുന്നുണ്ട്.