ഇന്നലെ 2024 ഏപ്രിൽ 16 ചൊവ്വാഴ്‌ച 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയ്‌ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1949 ന് ശേഷമുള്ള ഏറ്റവും കനത്ത മഴയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് അൽ ഐനിലെ “ഖത്ം അൽ ഷക്ല” പ്രദേശത്താണ്, 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി യുടെ ഷുവൈബ് സ്റ്റേഷനിൽ 2016 ൽ 287.6 മില്ലിമീറ്റർ രേഖപ്പെടുത്തിയിരുന്നു. വരും മണിക്കൂറുകളിലും വലിയ അളവിലുള്ള മഴ രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പെയ്ത റെക്കോർഡ് മഴ കാലാവസ്ഥാ ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തിലെ അസാധാരണ സംഭവമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ രാജ്യം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികളും താമസക്കാരും ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടരുകയാണ്
.