വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (28) ആണ് അടുത്തമാസം അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ മരിച്ചത്.
യുഎഇയിൽ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. എൻ. പി. മൊയ്‌തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റാബിയ, റിയൂ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി ആഹാരംകഴിച്ചെത്തി കിടന്ന മുഹമ്മദ് ഷാസിനെ വെള്ളിയാഴ്‌ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്‌ച വിവാഹ ക്ഷണക്കത്ത് ഷാസ് പലർക്കും അയക്കുകയും ഫോണിൽ വിളിച്ച് ക്ഷണിക്കുകയും ചെയ്‌തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ന് ശനിയാഴ്‌ച നാട്ടിലേക്കുപോകാനായി ടിക്കറ്റും എടുത്തിരുന്നു.