ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിൻ്റെ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 28 ബില്യൺ ദിർഹം ചെലവ് കണക്കാക്കുന്ന ടെർമിനലിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
പത്ത് വർഷത്തിനകം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും ക്രമേണ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ അഞ്ചിരട്ടി വലുപ്പത്തിൽ 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും 260 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാനുമാകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനാണ് ദുബായ് ഒരുങ്ങുന്നത്.
ഇതിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ, ഇത് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ അഞ്ചിരട്ടിയാകും. വ്യോമയാന മേഖലയിൽ ഒരിക്കലും ഉപയോഗിക്കാത്ത സാങ്കേതിക വിദ്യകളാണ് പുതിയ വിമാനത്താവളത്തിൽ ഉപയോഗിക്കുക. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 260 മില്യൺ യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിലൂടെ പറഞ്ഞു.
ഒരു മില്യൺ ആളുകൾക്കുള്ള പാർപ്പിടങ്ങളുമായി ദുബായ് സൗത്തിൽ ഒരു മുഴുവൻ എയർപോർട്ട് സിറ്റിയും ആസൂത്രണം ചെയ്യുന്നുണ്ട്. പ്രീമിയം ലൊക്കേഷനിൽ ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളെ ഇവിടെ പാർപ്പിക്കും.