അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്കായി മുസ്സഫയിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു.
ഫെബ്രുവരിയിൽ യാസ് മാളിൽ സമാനമായ സേവനം ആരംഭിച്ചതിന് ശേഷം ഈ വർഷം ആരംഭിക്കുന്ന രണ്ടാമത്തെ സൗകര്യമാണിത്.
എത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങൾക്ക് മുസഫയിലെ ഷാബിയ-11-ലെ മൊറാഫിക് ചെക്ക്-ഇൻ സൗകര്യം ലഭിക്കും. ഈ രണ്ട് സർവീസുകൾ കൂടാതെ, സായിദ് പോർട്ടിലെ അബുദാബി ക്രൂയിസ് ടെർമിനലിൻ്റെ ടെർമിനൽ 1-ൽ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്.
ഫ്ലൈറ്റ് പുറപ്പെടുന്നതിന് 24 മുതൽ 4 മണിക്കൂർ മുമ്പ് നിങ്ങളുടെ ബാഗുകൾ നൽകി നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ബോർഡിംഗ് പാസ് നേടാനാകുമെന്ന് മൊറാഫിഖ് പ്രസ്താവനയിൽ പറഞ്ഞു.
ചെക്ക്-ഇൻ ഡെസ്ക് ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക. മുതിർന്നവർക്ക് 35 ദിർഹം (12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക്), ഒരു കുട്ടിക്ക് 25 ദിർഹം (12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ), ഒരു ശിശുവിന് 15 ദിർഹം (രണ്ട് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ) എന്നിവയാണ് ചെക്ക്-ഇൻ നിരക്കുകൾ.