വാഹനങ്ങളിലെ സാധനങ്ങൾ മോഷണം പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ഷാർജ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
വാഹനങ്ങളിലെ സാധനങ്ങൾ മോഷ്ടിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും ഷാർജ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. “നിങ്ങളുടെ ശേഖരങ്ങൾ, നിങ്ങളുടെ ഉത്തരവാദിത്തം” എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ ഇന്ന് മെയ് 5 നാണ് ആരംഭിച്ചത്. കാമ്പയിൻ ഈ മാസം അവസാനം വരെ തുടരും.
വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ വയ്ക്കുന്നത് ഒഴിവാക്കുക,ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കുക, വാഹന അലാറങ്ങൾ ഇൻസ്റ്റാൾ ചെയ്യുക എന്നിവയാണ് പ്രധാനമായും ഈ കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്.
സുരക്ഷാ അധികാരികളുമായി സഹകരിക്കാനും വാഹനത്തിൻ്റെ അകത്തുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നത് കുറയ്ക്കാനും കാമ്പെയ്ൻ ആളുകളോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനായി തക്കം പാർത്ത് മോഷ്ടാക്കൾ ചുറ്റുമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഷാർജ പോലീസ് ഓർമ്മപ്പെടുത്തി.