ദുബായ് മെട്രോ റെഡ്ലൈനിലെ മൂന്ന് സ്റ്റേഷനുകളിലെ സർവീസുകൾ പ്രഖ്യാപിച്ചതിലും നേരത്തെ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് മെയ് 18 ശനിയാഴ്ച്ച അറിയിച്ചു.
ഇതനുസരിച്ച് മെട്രോ റെഡ്ലൈനിലെ ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ് സ്റ്റേഷനുകൾ നാളെ മെയ് 19 മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. ഏപ്രിൽ 16 ന് ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഈ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തിയതിന് ശേഷം അടുത്ത ആഴ്ച്ച തുറക്കുമെന്നാണ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇന്ന് സ്റ്റേഷനുകളുടെ പൂർണ്ണമായ പ്രവർത്തന സന്നദ്ധത ഉറപ്പുവരുത്തുന്നതിനും എല്ലാ സുരക്ഷാ ആവശ്യകതകളും നിറവേറ്റുന്നതിനും ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും നാളെ മുതൽ മെട്രോ സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കുമെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. എനർജി മെട്രോ സ്റ്റേഷൻ അടുത്ത ആഴ്ചയാണ് പ്രവർത്തനം ആരംഭിക്കുക






