ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും കൂട്ടാളികളും മരിച്ചതിനെ തുടർന്ന് യുഎഇ ഭരണാധികാരികൾ ‘അഗാധമായ അനുശോചനം’ രേഖപ്പെടുത്തി.
ഇറാൻ സർക്കാരിനോടും ജനങ്ങളോടും ഞാൻ എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മരണപ്പെട്ടവർക്ക് ദൈവം നിത്യ വിശ്രമം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിൽ കുറിച്ചു. ദുഃഖിതരായ കുടുംബങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് തൻ്റെ ഹൃദയംഗമമായ അനുശോചനവും അറിയിച്ചു.
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയാനും മറ്റ് പ്രമുഖരും സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നലെ ഞായറാഴ്ച്ച അസർബൈജാൻ അതിർത്തിക്കടുത്തുള്ള പർവതപ്രദേശത്ത് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി ഇന്ന് തിങ്കളാഴ്ചയാണ് സ്ഥിരീകരിച്ചത്.