യുഎഇയിൽ വ്യാപകമായി വ്യാജചെക്ക് നൽകി പുതിയ തരം വാഹനത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അബുദാബിയിലെ പോലീസ് മുന്നറിയിപ്പ് നൽകി.
കാർ വിൽക്കാൻ ആഗ്രഹിക്കുന്നയാൾ അതിന്റെ പരസ്യം സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യപടി ആരംഭിക്കുന്നത്. ഈ പരസ്യം കണ്ട് ഏതെങ്കിലും തട്ടിപ്പുകാരൻ വാഹന ഉടമയെ ബന്ധപ്പെട്ട് വ്യാജ ബാങ്ക് പേയ്‌മെൻ്റോ ട്രാൻസ്ഫർ രസീതുകളോ കാണിച്ച് വാഹനം കൈക്കലാക്കി മുങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളും അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്കെതിരെ വിൽപ്പനക്കാർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കാർ കണ്ട് ഇഷ്ടപെട്ട്‌കഴിഞ്ഞാൽ പറഞ്ഞ തുകയുടെ ചെക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നും അവധി ദിനങ്ങൾ കഴിഞ്ഞാൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുമെന്നും ചെക്ക് ഡെപ്പോസിറ്റ് ചെയ്ത പ്രൂഫും കാണിക്കുന്നു. പിന്നീട് ടെസ്റ്റ് ഡ്രൈവിനായി കാർ എടുക്കുകയും പിന്നീട് ഫോണും ഓഫ് ചെയ്ത് സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്യും. ബാങ്ക് അവധി ദിവസത്തിലായിരിക്കും ഇത്തരക്കാർ തട്ടിപ്പിന് തിരഞ്ഞെടുക്കുന്നത്.
സമ്മതിച്ച തുക മുഴുവനായും നിയമപരമായ രേഖകൾ പൂർത്തീകരിച്ചും ലഭിക്കുന്നില്ലെങ്കിൽ, ഒരു വാങ്ങുന്നയാളായി നടിക്കുന്ന ആർക്കും തങ്ങളുടെ കാർ ശാരീരികമായോ നിയമപരമായോ കൈമാറരുതെന്ന് പോലീസ് വിൽപ്പനക്കാരോട് അഭ്യർത്ഥിച്ചു.