ഷാർജയിലെ കൽബയിലെ ഒരു കുന്നിൻ മുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു പുതിയ പ്രോജക്റ്റ് ഒരുങ്ങുന്നു, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പ്രദേശത്ത് നിന്നാൽ പർവതങ്ങളുടെയും താഴ്‌വരകളുടെയും തീരത്തിൻ്റെയും പനോരമിക് കാഴ്ചകൾ ആസ്വദിക്കാനാകും.
ജബൽ ഡീമിലെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 850 മീറ്റർ ഉയരത്തിൽ രൂപമെടുക്കുന്ന ഘമാമിന് (‘മേഘങ്ങൾക്ക് മുകളിൽ’) രണ്ട് നിലകളുണ്ടാകും. ആദ്യത്തേതിൽ ഒരു റെസ്റ്റോറൻ്റ്, ഒരു തുറന്ന കഫേ, ഒരു വായനമുറി എന്നിവ ഉണ്ടായിരിക്കും; താഴത്തെ നിലയിൽ കാണാനുള്ള പ്ലാറ്റ്‌ഫോമുകൾ, ഒരു മൾട്ടി പർപ്പസ് ഹാൾ, ഒരു പ്രാർത്ഥനാ ഹാൾ എന്നിവയുമുണ്ടാകും.
ഇവിടെ ഒലിവ്, ആപ്പിൾ, മാതളനാരങ്ങ, മുന്തിരി മരങ്ങൾ എന്നിവയടങ്ങുന്ന 4,500-ലധികം മരങ്ങൾ പാറകൾ നിറഞ്ഞ മലയെ ഹരിതാഭമാക്കാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഓപ്പൺ തിയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ പദ്ധതിയിലുണ്ടാകും. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് വ്യാഴാഴ്ച നിർമാണത്തിലിരിക്കുന്ന ഈ പദ്ധതി സന്ദർശിച്ചിരുന്നു.