ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ അബുദാബിയിലെ ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
റസ്റ്റോറന്റിലെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തി, ശുചിത്വമില്ലായ്മയും കണ്ടെത്തി. വായുസഞ്ചാരവും ഒരു പ്രശ്നമായിരുന്നെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി പറഞ്ഞു
റെസ്റ്റോറൻ്റ് ആവർത്തിച്ച് നിയന്ത്രണങ്ങൾ ലംഘിച്ചതായും അതോറിറ്റി കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങളെല്ലാം മാറ്റുന്നത് വരെ റെസ്റ്റോറൻ്റ് തുറക്കാൻ അനുവദിക്കില്ലെന്നും അതോറിറ്റി പറഞ്ഞു. ഇതുപോലെ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ 800555 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അറിയിക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.