ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവർക്കായി ചില മാർഗനിർദേശങ്ങൾ സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യയടക്കമുള്ള ഇന്ത്യൻ എയർലൈൻസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതനുസരിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ആവശ്യമായ രേഖകൾ കരുതേണ്ടതുണ്ട്. കാലാവധിയുള്ള പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ കൈവശം വയ്ക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുണ്ടെന്ന് ഉറപ്പാക്കണം.
ഡമ്മിയല്ലാത്ത റിട്ടേൺ ടിക്കറ്റ്, യു എ ഇയിൽ താമസിക്കാൻ പോകുന്ന ഹോട്ടൽ ബുക്ക് ചെയ്തതിന്റെ പ്രൂഫ് അല്ലെങ്കിൽ യു എ ഇയിലുള്ള ബന്ധുവിന്റെ വീട്ടിൽ ആണ് താമസിക്കുന്നതെങ്കിൽ അതിന്റെ പ്രൂഫ്, ഒരു മാസത്തെ വിസയ്ക്ക് 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കണമെങ്കിൽ 5,000 ദിർഹവും കൈവശം വേണം. കൂടാതെ യു എ ഇയിലുള്ള ബന്ധുക്കളുടെ അധിക രേഖകളും കൈവശം വയ്ക്കണം.
ഇത്തരം ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ ഫ്ലൈറ്റുകളിൽ ബോർഡിംഗ് നിഷേധിക്കുമെന്നും എയർലൈൻസുകൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ ഉപദേശകത്തിൽ പറയുന്നു