കടുത്ത പ്രതിസന്ധി നേരിടുന്ന സുഡാനിലും ദക്ഷിണ സുഡാനിലും ഭക്ഷ്യ സഹായമെത്തിക്കുന്നതിന് യുഎഇയും യു.എൻ വേൾഡ് പ്രോഗ്രാമും കരാറിൽ ഒപ്പ് വച്ചു. അഭയാർത്ഥികൾ, കുടിയിറക്കപ്പെട്ടവർ, യുദ്ധം ബാധിച്ച മറ്റുള്ളവർ എന്നിങ്ങനെയുള്ളവർക്കാണ് സഹായമെത്തിക്കുക. 2.5 കോടി ഡോളറാണ് UAE പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നത്.
യുഎഇ വിദേശകാര്യ മന്ത്രാലയവും വേൾഡ് ഫുഡ് പ്രോഗ്രാമും തമ്മിലാണ് കരാർ ചെയ്തിട്ടുള്ളത്. യുഎഇ അന്താരാഷ്ട്ര വികസനകാര്യ വകുപ്പ് അസി: മന്ത്രി സുൽത്താൻ അൽ ഷംസിയും, വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മാത്യു നിംസുമാണ് കരാറിൽ ഒപ്പുവച്ചത്.
ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി സുഡാനിൽ 1.77 കോടിയും ദക്ഷിണ സുഡാനിൽ 71 ലക്ഷവും പേരാണ് ഭക്ഷ്യ പ്രതിസന്ധി നേരിടുന്നത്. ഈ പ്രതിസന്ധി ലഘൂകരിക്കാൻ സുഡാന് രണ്ട് കോടി യു.എസ്. ഡോളറും ദക്ഷിണ സുഡാന് 50 ലക്ഷം യു.എസ്. ഡോളറുമാണ് UAE വാഗ്ദാനം ചെയ്തിട്ടുള്ളത്.