തിരക്കേറിയ ഹൈവേകളിൽ ഡ്രൈവർമാർ അശ്രദ്ധമായി ലൈൻ മാറ്റിയതുമൂലമുണ്ടായ അപകടങ്ങളുടെ ഭീകര ദൃശ്യം പങ്കുവച്ച് അബുദാബി പോലീസ്. പെട്ടെന്നുള്ള ലൈൻ മാറ്റം എങ്ങനെയാണ് വലിയ അപകടങ്ങൾക്കു കാരണമാകുന്നതെന്ന് റോഡ് കാമറകളിൽ നിന്ന് പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് പോലീസ് പുറത്തു വിട്ടത്. ഇത്തരം പ്രവണതകൾക്കെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇരു വാഹനങ്ങളും ലൈനുകളിൽ തുടരുകയോ ലൈൻ മാറ്റുന്നതിന് മുൻപ് മുൻകരുതൽ സ്വീകരിക്കുകയോ ചെയ്തിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് പോലീസ് പുറത്തു വിട്ട 49 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ.
വലത്തേ വശത്തുനിനന്ന് തിരിഞ്ഞു പോകുന്ന റോഡിലേക്ക് കടക്കാൻ ഇൻഡിക്കേറ്റർപോലും ഇടാതെ ലൈനുകൾ മുറിച്ചു കടന്നെത്തിയ വാഹനം ലോറികൾക്കിടയിലൂടെ വലത്തേക്ക് കയറിയെങ്കിലും ഈ സമയം ഇതേ ലൈനിലൂടെ എത്തിയ വാഹനത്തെ ഇടിക്കുന്നതാണ് ആദ്യ അപകടം. ഇടിയേറ്റ വാഹനം തെറിച്ച് അഞ്ചു ലൈനുകളുള്ള പാതയിലേക്ക് വീഴുകയും ഇവിടെയുണ്ടായിരുന്ന മാറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.
രണ്ടാമത്തെ അപകടവും സമാന രീതിയിലായിരുന്നു. അശ്രദ്ധമായി അതിവേഗം ലൈനിലേക്ക് മാറുന്നതിനിടെ എസ്.യു.വി. പിക്കപ്പ് ട്രക്കിൽ ഇടിക്കുകയും നിയന്ത്രണം നഷ്ട്ടപ്പെട്ട പിക്കപ്പ് ട്രക്ക് വീണ്ടും ഇതേ വാഹനത്തിന്റെ പിന്നിൽ ഇടിക്കുന്നതും എസ്.യു.വി റോഡരുകിലെ ഭിത്തിയിൽ ഇടിച്ചുകയറുന്നതുമാണ് വീഡിയോ.
പെട്ടെന്നുള്ള ലൈൻ മാറ്റത്തിന് 1000 ദിർഹവും നാലു ബ്ലാക്ക് പോയിന്റുകളുമാണ് പിഴ. തെറ്റായ ഓവർടേക്കിങ്ങിനു നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 600 ദിർഹം മുതൽ 1000 ദിർഹം വരെ പിഴയീടാക്കും.
https://twitter.com/ADPoliceHQ/status/1809163465505833128