പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ വികസന സ്വപ്‌നം വിഴിഞ്ഞത്ത് നങ്കൂരമിടുന്നു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ തുറമുഖക്ക് എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ ചരക്ക് കപ്പലിനെ സ്വീകരിച്ചത്. ചെണ്ടമേളം ഒരുക്കി പ്രദേശവാസികളും അകമ്പടിയൊരുക്കി. മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സാന്‍ ഫെര്‍ണാണ്ടോ.
ഇന്ന് രാവിലെ ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്ത്യൻ സമയം 8.45 ഓടെയാണ് തീരമണഞ്ഞത്. കപ്പലിനെ സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. കരയടക്കുന്നതിന് മുമ്പായി തന്നെ സാന്‍ ഫെര്‍ണാന്‍ണ്ടോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരുന്നു.
കരയോട് അടുപ്പിക്കാനുള്ള മൂറിംഗ് 10 മണിയോടെ നടക്കും. കപ്പല്‍ തീരം തൊടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിമാരായി മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് ഉണ്ടാകും.
വെള്ളിയാഴ്ചയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. ഇതിന് ശേഷം സാന്‍ ഫെര്‍ണാണ്ടോ കൊളംബോയിലേക്ക് പുറപ്പെടും.