ക്യാൻസർ ബാധിതരായ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിന്നുള്ള ബഹിരാകാശ യാത്രികരെ പങ്കെടുപ്പിച്ചു കൊണ്ട് ഫ്രണ്ട്സ് ഒഫ് ക്യാൻസർ പേഷ്യൻസാണ് (എഫ്.ഒ.സി.പി) കുട്ടികൾക്ക് അപൂർവ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. യുഎഇയുടെ ബഹിരാകാശ സഞ്ചാരികളായ നൂറ അൽ മത്രൂഷിയും മുഹമ്മദ് അൽ മുല്ലയുമാണ് കുട്ടികളെ സന്ദർശിച്ചത്. ദുബായിലെ മെഡി: ക്ലിനിക് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞു രോഗികളുടെ ശരീരവും മനസ്സും കുളിർപ്പിക്കുന്ന കൂടിക്കാഴ്ച. അർബുദ ബാധിതരായ 25ഓളം കുട്ടികളെയാണ് സന്ദർശിച്ചത്.
അവരുടെ ശരീരത്തെ രോഗം പിടികൂടിയെങ്കിലും മനസ്സുകൾ ആകാശക്കാഴ്ചകളിലേക്ക് സഞ്ചരിക്കുന്നതായിരുന്നു. വാർത്തകളിലൂടെ കേട്ടറിഞ്ഞ ശൂന്യാകാശത്തെ ഹീറോകളെ കണ്മുന്നിൽ കണ്ടപ്പോൾ കുട്ടികളുടെ മുഖത്ത് ആഹ്ലാദം ഉയർന്നു. കുട്ടികളെ എടുത്തുയർത്തി കെട്ടിപ്പിടിച്ചാണ് നൂറ അൽ മത്രൂഷി സ്നേഹം പങ്കിട്ടത്. രോഗികളായ കുട്ടികളെ ബഹിരാകാശത്തെക്കുറിച്ചു അറിവുകൾ പങ്കു വെക്കുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം.
അവരുടെ ആശയങ്ങളും സ്വപ്നങ്ങളും പ്രകടിപ്പിക്കാൻ പ്രോത്സാഹനം ചെയ്യ്യുന്ന തരത്തിലായിരുന്നു പര്യവേക്ഷകരുടെ ഇടപെടലുകൾ. യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് നൂറ അൽ മത്രൂഷി. ബഹിരാകാശത്തെ കുറിച്ചാണ് മുഹമ്മദ് അൽ മുല്ല പങ്കു വച്ചത്.