ദുബായിലെ ഒരു ജ്വല്ലറിയിൽ നിന്നും 8 ലക്ഷം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച 3 പേർക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ചു.
2023 സെപ്റ്റംബർ 28 ന് ദുബായിലെ നായിഫ് പ്രദേശത്ത് നടത്തിയ കുറ്റകൃത്യങ്ങൾക്കാണ് രണ്ട് ഈജിപ്തുകാരും ഒരു ഇന്ത്യക്കാരനുമടങ്ങുന്ന പ്രതികൾക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തിയത്.
ഒന്നും രണ്ടും പ്രതികൾ ജോലി ചെയ്തിരുന്ന ജ്വല്ലറി കമ്പനിയിൽ നിന്ന് 824,604.17 ദിർഹം തട്ടിയെടുത്തു. രഹസ്യമായി ഒരു സ്വർണ്ണപ്പണിശാല സ്ഥാപിച്ചും കമ്പനിയുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തും അവർ കമ്പനിയിലെ തങ്ങളുടെ അധികാരം ചൂഷണം ചെയ്തതായും ദുബായ് ക്രിമിനൽ കോടതി പറഞ്ഞു.
ആദ്യ രണ്ട് പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങളിലൂടെ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിക്ക് 236,823 ദിർഹം ലഭിച്ചതായും കണ്ടെത്തി. ഒന്നാം പ്രതി, 35 കാരനായ ഇന്ത്യക്കാരൻ, കമ്പനിയുടെ സമ്മതമില്ലാതെ ഒരു രഹസ്യ സ്വർണ്ണപ്പണി വർക്ക്ഷോപ്പ് സ്ഥാപിക്കുകയും ജ്വല്ലറിയുടെ പേരിൽ പത്ത് തൊഴിലാളികളെ നിയമിക്കുകയും സ്ഥാപനത്തിൻ്റെ ഫണ്ടിൽ നിന്ന് ശമ്പളം നൽകുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.
ഫോറൻസിക് അക്കൗണ്ടിംഗ് റിപ്പോർട്ടിൽ തട്ടിപ്പും വഞ്ചനാപരമായ പ്രവർത്തനങ്ങളും സ്ഥിരീകരിച്ചിരുന്നു.