യുഎഇയിലെ പ്രശസ്തനായ ക്യാമറാമാൻ സുനു കാനാട്ട് (57) ദുബായിൽ അന്തരിച്ചു. കോട്ടയം പാല സ്വദേശിയായ അദ്ദേഹം ദീർഘകാലം വിവിധ ചാനലുകളിൽ ന്യൂസ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഗൾഫിലെ ആദ്യ മലയാളം സാറ്റൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ ക്യാമറാമാനായാണ് അദ്ദേഹം ഗൾഫിൽ എത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ നിരവധി പ്രമുഖ ചാനലുകളിൽ ജോലി ചെയ്‌തു. ഫ്രീലാൻസ് ക്യാമറാമാനായി പ്രവർത്തിക്കവെ കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകൾ: അഭിരാമി
അവയദാനം പ്രതിജ്ഞ സ്വീകരിച്ചു അതിനായുള്ള സമ്മതപത്രം നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ സംസ്‌കാരചടങ്ങുകൾ ദുബായിൽ തന്നെ നടക്കുമെന്നാണ് അറിയുന്നത്.