അബുദാബി ഷവാമേഖ് സ്ട്രീറ്റിൽ കാറിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് ഭയചകിതനായ ഡ്രൈവറെ അബുദാബി പോലീസ് രക്ഷിച്ചു. ഒരു ഡ്രൈവർ കഴിഞ്ഞ ദിവസം അർദ്ധരാത്രി ഷഹാമ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത് .
അർദ്ധരാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം ക്യാമറയിൽ പതിഞ്ഞിരുന്നു. അബുദാബി സെക്യൂരിറ്റി മീഡിയ മേധാവി ലെഫ്റ്റനൻ്റ് കേണൽ നാസർ അൽ സെയ്ദിയാണ് വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അമിതവേഗതയിൽ ഓടുന്ന കാറിന് മുന്നിൽ വിവിധ തന്ത്രങ്ങൾ മെനഞ്ഞാണ് കാറിന്റെ സ്പീഡ് പോലീസിന് കുറയ്ക്കാൻ സാധിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ മുന്നിൽ സഞ്ചരിച്ച് ഡ്രൈവർക്ക് അറബിയിൽ നിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്തത്. നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം, പോലീസ് കാർ കൂടുതൽ സമ്മർദ്ദം ചെലുത്തി, തകരാർ സംഭവിച്ച വാഹനത്തിന്റെ ക്രമേണ വേഗത കുറയ്ക്കുകയും ഒടുവിൽ നിർത്തിക്കുകയും ചെയ്തു.
കാറിൻ്റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായതിനെത്തുടർന്ന കാർ ഉടമ പോലീസിനെ വിളിച്ചതായും വളരെ വേഗത്തിൽ പ്രതികരിച്ചതായും ലെഫ്റ്റനൻ്റ് കേണൽ അൽ സെയ്ദി പറഞ്ഞു. ദുബായിൽ അടുത്തുണ്ടായ സമാനമായ ഒരു സംഭവത്തിലും ദുബായ് പോലീസ് ഡ്രൈവർക്ക് രക്ഷകനായെത്തിയിരുന്നു.