യുഎഇയിൽ ഹ്യുമിഡിറ്റി ഉയരുന്നതിനാൽ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടതായി നിവാസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്.
വീടുകളിലെ ചുവരുകൾക്ക് വിള്ളലുകൾ അടക്കമുള്ള കേടുപാടുകളും വാതിലുകൾ തുറക്കാനുള്ള പ്രയാസവും നേരിട്ടതായി പല നിവാസികളും റിപ്പോർട്ട് ചെയ്തു. പകൽ മുഴുവൻ ഫോൾസ് സീലിങ്ങിൽ നിന്ന് വെള്ളം ഒഴുകുകയും, വീട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ബക്കറ്റുകളും തുണിക്കഷണങ്ങളും വിരിച്ച് വെച്ചിരിക്കുകയാണെന്ന് പലരും പറയുന്നു. വർഷങ്ങളായി യുഎഇയിൽ താമസിക്കുന്നവർ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം നേരിടുന്നതെന്നും പറയുന്നു.
താപനില ശരാശരി 40 ഡിഗ്രിയിൽ ആണെങ്കിലും, ദേശീയ കാലാവസ്ഥാ കേന്ദ്രം തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 70 ശതമാനത്തിനും 95 ശതമാനത്തിനും ഇടയിലും ആന്തരിക പ്രദേശങ്ങളിൽ 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഹ്യുമിഡിറ്റി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രവചിച്ചിരുന്നു.