കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ലൂണി ട്യൂൺസ്, ടോം ആൻഡ് ജെറി, ഡിസി സൂപ്പർഹീറോകളായ സൂപ്പർമാൻ, വണ്ടർ വുമൺ, ബാറ്റ്മാൻ എന്നിവ ഇനി യുഎഇയുടെ ആകാശത്ത് പറക്കും. കുട്ടികൾക്കിടയിൽ പ്രചാരമുള്ളതും മുതിർന്നവരെ ഗൃഹാതുരത്വമുണർത്തുന്നതും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു വിമാനത്തിന്റെ പുതിയ ലിവറിയാണ് എത്തിഹാദ് എയർ വെയ്സ് പുറത്തിറക്കുന്നത്.
അബുദാബി യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾഡും എത്തിഹാദ് എയർവേസും കൈകോർത്താണ് ഈ പുതിയ ലിവറി സാധ്യമാക്കിയത്. വിമാനത്തിന്റെ ചെറുമോഡൽ വാർണർ ബ്രദേഴ്സ് വേൾഡ് തീം പാർക്കിൽ സ്ഥാപിച്ചതോടെ സെൽഫിയെടുക്കാനും മറ്റും പ്രായ വ്യത്യാസമില്ലാതെ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇഷ്ട കഥാപാത്രങ്ങൾ വിമാനത്തിന്റെ മുകളിൽ പതിപ്പിച്ച ഈ പുതിയ സംരംഭം എല്ലാവർക്കും സവിശേഷമായ അനുഭവം പ്രദാനം ചെയ്യുമെന്ന് മിറലിൻ്റെ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു.
എത്തിഹാദിൻ്റെ ബോയിങ് 787-10 വിമാനങ്ങളാണ് വാർണർ ബ്രോസിൻ്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അലങ്കരിച്ചിരിക്കുന്നത്. ഈ വിമാനം അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കും നാല് വടക്കു കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്കുമാണ് സർവിസ് നടത്തുന്നത്.
ശനിയാഴ്ച ലണ്ടനിലെ ഹീത്രുവിലേക്കാണ് സൂപ്പർ ഹീറോകളുമായുള്ള എത്തിഹാദിൻ്റെ ആദ്യത്തെ യാത്ര. കൂടാതെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എത്തിഹാദ് എയർവേസിൻ്റെ ലോഞ്ചിനൊപ്പമുള്ള കുട്ടികൾക്ക് മാത്രമായുള്ള ലോഞ്ചും വാർണർ ബ്രോസ് കഥാപാത്രങ്ങൾകൊണ്ട് അലങ്കരിക്കും.




