ബാങ്കിൻ്റെ സംവിധാനങ്ങളിലെ തകരാർ കാരണം ജൂണിൽ കൃത്യസമയത്ത് ശമ്പളം പിൻവലിക്കാൻ കഴിയാതിരുന്നവർ ജൂലൈ മാസത്തെ ലോൺ തവണകൾ ഈ മാസം അടയ്‌ക്കേണ്ടതില്ലെന്ന് ദുബായ് ഇസ്‌ലാമിക് ബാങ്ക് (DIB) അറിയിച്ചു.
കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ക്ലൗഡ് ടെക്നോളജി സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിനിടയിലാണ് സിസ്റ്റത്തിൽ പിശകുകൾ സംഭവിച്ചതെന്ന് ബാങ്ക് മുൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ബാങ്കിൻ്റെ സംവിധാനങ്ങളിലെ തകരാർ നേരിട്ടവർക്ക് അധിക ചെലവില്ലാതെ ജൂലൈയിലെ ലോൺ ഇൻസ്‌റ്റാൾമെൻ്റ് മാറ്റിവയ്ക്കൽ നടത്തുമെന്നാണ് DIB ഏറ്റവും പുതിയ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിംഗിൽ മാറ്റമുണ്ടാകില്ലെന്നും ബാങ്ക് പറഞ്ഞു. ബാധിതരായ എല്ലാ ഉപഭോക്താക്കളെയും ഈ സംരംഭത്തെക്കുറിച്ച് അറിയിക്കുമെന്നും DIB ബാങ്ക് പറഞ്ഞു.
തകരാർ നേരിട്ട ഉപഭോക്താക്കൾക്ക് ലേറ്റ് പേയ്‌മെന്റും മറ്റ് നിരക്കുകളും ഒഴിവാക്കുമെന്ന് ദുബായ് ഇസ്‌ലാമിക് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.