കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമനിയിൽ നിന്നും കേരളത്തിലെത്തി. ആരോഗ്യമന്ത്രി വീണ ജോർജ്ജ് മിൽറ്റിഫോസിൻ മരുന്ന് ഏറ്റുവാങ്ങി.
കേരളത്തിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇന്ത്യൻ റേഡിയോളജിസ്റ്റും വ്യവസായിയും യുഎഇയിലെ ബുർജീൽ ഹോൾഡിംഗ്സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വേണ്ടത്ര പ്രാധാന്യത്തിൽ നടപടിയെടുത്തത്തോടെയാണ് ജർമനിയിൽ നിന്നും കേരളത്തിലേക്ക് മരുന്നെത്തിക്കാൻ സാധിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രണ്ട് കുട്ടികൾ നിലവിൽ കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. മിൽറ്റിഫോസിൻ രോഗ ചികിത്സയിൽ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞാണ് മരുന്ന് എത്തിക്കാൻ കേരള സർക്കാർ ശ്രമം തുടങ്ങിയിരുന്നത്.