വയനാട്ടിൽ ഉരുൾപൊട്ടി വൻ ദുരന്തം.
പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. പ്രദേശത്തുനിന്ന് പത്തോളം മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്.
ഉരുൾപ്പൊട്ടലിനെ തുടർന്ന് മലപ്പുറം പോത്തുകല്ലിൽ ചാലിയാറിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേർ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാർമല സ്കൂൾ ഒന്നാകെ മണ്ണിനടിയിലായി. 10 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണർന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ പലരും മണ്ണിനടിയിലായി.