ദുബായിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ ടാക്സി മേഖലയിൽ 400,000 ട്രിപ്പുകൾ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 55.7 മില്യൺ യാത്രകൾ നടത്തി, 2023 ൽ ഇത് 55.3 മില്യൺ യാത്രകളായിരുന്നു. യാത്രക്കാരുടെ എണ്ണം 96.2 മില്യണിൽ നിന്ന് 2024-ൽ 96.9 മില്യണായി ഉയർന്നതായും ആർടിഎ അറിയിച്ചു.
ടാക്സി ഡ്രൈവർമാരുടെ എണ്ണം കഴിഞ്ഞ വർഷം 26,000 ആയിരുന്നത് ഇപ്പോൾ 30,000 ആയി ഉയർന്നിട്ടുണ്ട്. 2024 ൻ്റെ ആദ്യ പകുതിയിൽ പ്രവർത്തിക്കുന്ന മൊത്തം ടാക്സികളുടെ എണ്ണം 12,778 ൽ എത്തി, 2023 ലെ ഇതേ കാലയളവിനേക്കാൾ 644 എണ്ണം കൂടുതലാണ്.
ഹാല ടാക്സിയുടെ ഇ-ഹെയ്‌ൽ സേവനങ്ങളിലൂടെയാണ് റെക്കോഡ് വളർച്ച നേടിയത്. കാരണം, ഈ വർഷം ആദ്യ പകുതിയിൽ ആകെ യാത്ര ചെയ്തവരിൽ 40 ശതമാനം പേർ ഇ-ബുക്കിങ് വഴി യാത്ര ബുക്ക് ചെയ്തവരാണ്. കൂടാതെ, 2024ൻ്റെ ആദ്യ പകുതിയിൽ 76 ശതമാനം ഹാല യാത്രകൾക്കും ശരാശരി 3.5 മിനിറ്റിൽ താഴെയുള്ള സമയത്തിനുള്ള യാത്രക്കാരന് അടുത്തെത്താനും സാധിച്ചു.