വയനാട് ദുരന്തത്തിൽ ഉറ്റവരും ഉടയവരുമടക്കം സർവ്വവും നഷ്ടപ്പെട്ടവർക്കായി ” വീടും തൊഴിലും പദ്ധതി” യുമായി പ്രമുഖ മലയാളി പ്രവാസി വ്യവസായി.ദുബായിൽ വ്യത്യസ്തമായ ഇരുപതിലധികം സ്ഥാപനങ്ങളുടെ സാരഥി കോഴിക്കോട് തിക്കോടി പുറക്കാട് സ്വദേശി തമീം അബൂബക്കറാണ് വയനാടിനുവേണ്ടി കൈകോർക്കുന്നത്.
ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഹിതവും, കമ്പനികളുടെ ലാഭവിഹിതവും ചേർത്ത് വയനാട്ടിലെ ദുരന്തബാധിതർക്ക് അഞ്ച് വീടുകൾ നിർമിച്ചു നൽകുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടപ്പെട്ട ഏതാനും പേർക്ക് അവരുടെ തൊഴിൽ പരിചയവും പഠിപ്പും അനുസരിച്ച് ഇദ്ദേഹത്തിൻ്റെ ഗൾഫിലെ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ദുബായ് വാർത്തയുമായി ചേർന്നാണ് അദ്ദേഹം ഈ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.
ദുബായ് സർക്കാരിൻ്റെ വിവിധ ഡോക്യുമെന്റുകൾ ലഭ്യമാക്കുന്ന ടി.എം ജി ഗ്ലോബൽ ഡോക്യുമെന്റ്റ് ക്ലിയറിങ്ങ്, ദുബായിലെ പ്രശസ്തമായ കോഴിക്കോടൻ സ്റ്റാർ ഹോട്ടൽ നെറ്റ് വർക്ക്, കാർണിഷ് പെർഫ്യൂം’ എമിറേറ്റ്സ് പ്രൊഫഷൻ, എമിറേറ്റ്സ് ക്ലാസിക്, വൈറ്റ് ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങളുടെ സി ഇ ഒയായ തമീം കഴിഞ്ഞ 20 വർഷമായി ഗൾഫ് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുകയാണ്.
അറബി പണ്ഡിതനും മുപ്പത്തിയഞ്ചോളം പള്ളികളുടെ ഖാസിയുമായ പുറക്കാട് ഇ.കെ അബൂബക്കർ ഹാജിയുടെ പുത്രനാണ് തമീം അബൂബക്കർ.
അഞ്ച് വീടുകൾ നിർമ്മിക്കാനായി ജില്ലാ ഭരണകൂടവുമായി കൈകോർക്കാനും തമീം തയ്യാറാണ്. കൂടുതൽ വിവരങ്ങൾക്കും, വയനാട് ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവരും info@tmgdubai.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം.