യുഎഇയിലെ ആദ്യത്തെ 15 മിനിറ്റ് നഗരമായി മാറാൻ ദുബായിലെ എക്സ്പോ സൈറ്റ്. വിവിധ ഗതാഗതമാർഗങ്ങളും സ്‌കൂൾ, ആശുപത്രി, പാർക്കുകൾ,സൂപ്പർമാർക്കറ്റുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും നടന്നെത്താവുന്ന ദൂരത്തിൽ ലഭ്യമാകുന്ന 15 മിനിറ്റ് സിറ്റി ദുബായിലെ എക്‌സ്‌പോ സിറ്റിയിലാണ് വരുന്നത്.
യുഎഇയുടെ ആദ്യത്തെ 15 മിനിറ്റ് നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആദ്യ വീടുകൾ 2026 ആദ്യ പാദത്തിൽ കൈമാറുമെന്നും എക്‌സ്‌പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചിട്ടുണ്ട്.
വിശാലമായ എക്‌സ്‌പോ 2020 സൈറ്റിനെ ഒരു റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയാക്കി മാറ്റുന്ന പാതകളും ഹൈക്കിംഗ് ട്രയലുകളും ഉള്ള അപ്പാർട്ട്‌മെൻ്റുകളും വില്ലകളും നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഒന്ന് മുതൽ നാല് വരെ കിടപ്പുമുറികൾ വരെയുള്ള വീടുകൾ ഉൾക്കൊള്ളുന്ന അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് സർറിയൽ വാട്ടർ ഫീച്ചറിൻ്റെയും കൂറ്റൻ അൽ വാസൽ പ്ലാസയുടെയും കാഴ്ചകൾ ആസ്വദിക്കാം. പ്രദേശത്ത് നിർമിക്കുന്ന സ്‌കൂളിൻ്റെയും ആശുപത്രിയുടെയും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന എക്‌സ്‌പോ അധികൃതർ പറഞ്ഞു.